ചെന്നൈയിൽ നിന്നും കാർ മാർഗം മൂവാറ്റുപുഴയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കോടി രൂപയുടെ കുഴൽപണം പിടികൂടി.

കട്ടപ്പന പുളിയൻമല ഹിൽടോപ്പിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് വൻ കുഴൽപ്പണക്കടത്ത് കണ്ടെത്തിയത്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി പ്രതീഷ് (40), മൂവാറ്റുപുഴ സ്വദേശി ഷബീര്‍ (57) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാള്‍ക്ക് കൈമാറുവാനായി കൊണ്ടുവന്നതാണ് പണമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച്ച രാവിലെ പുളിയൻമലയിൽ നിലയുറപ്പിച്ചത്.
ടൊയോട്ടോ എത്തിയോസ് കാറിൽ കള്ളപ്പണം കടത്തുന്നുണ്ടെന്നായിരുന്നു രഹസ്യ വിവരം. പരിശോധനയിൽ വാഹനം കണ്ടെത്തിയെങ്കിലും കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം സമീപത്തെ വർക്ക് ഷോപ്പിൽ എത്തിച്ച് റാമ്പിൽ കയറ്റി നോക്കിയപ്പോഴാണ് അടിയിൽ രഹസ്യ അറ കണ്ടത്. ഇത് പൊളിച്ചപ്പോഴാണ് 500, 2000 കെട്ടുകളായി പണം കണ്ടെത്തിയത്. ഇഡിയും, ഇന്‍കം ടാക്‌സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റപുഴ സ്വദേശിയെ കണ്ടെത്താനും ശ്രമം തുടങ്ങി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

