
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കൊരട്ടി മുത്തിയുടെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു 7നും 3നും 5നും കുർബാന 9ന് ലത്തീൻ റീത്ത് കുർബാനയും 1.30നു ഹിന്ദി കുർബാനയും ഉണ്ടാകും. 5നുള്ള കുർബാനയ്ക്കു ശേഷം പള്ളി ചുറ്റി പ്രദക്ഷിണവും കരിമരുന്ന് പ്രയോഗം ഉണ്ടാകും. തിരുനാൾ ദിനമായ നാളെ പുലർച്ചെ 5നു മുത്തിയുടെ രൂപം പുറത്തെടുത്ത് കുർബാന. വികാരി ഫാ.ജോസ് ഇടശേരി കാർമികത്വം വഹിക്കും. 10.30നുള്ള തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറയും 1.30ന് ഇംഗ്ലിഷ് കുർബാനയ്ക്ക് ഫാ.അഖിൽ ആപ്പാടനും കാർമികരാകും.

ഉച്ചയ്ക്ക് 2നു കുർബാനയ്ക്കു ശേഷം മുത്തിയുടെ രൂപം വഹിച്ചുകൊണ്ട് നാലങ്ങാടി ചുറ്റി പ്രദക്ഷിണം നടക്കും. തിരുനാളിനു മുന്നോടിയായി ഇന്നലെ പള്ളിയിൽ ഇടവകക്കാരുടെ പൂവൻ കുല സമർപ്പണം നടന്നു. വിവിധ കുടുംബ യൂണിറ്റുകളിൽ നിന്നെത്തിച്ച കുലകൾ പള്ളിക്കുള്ളിൽ ഫാ. ജോസ് ഇടശ്ശേരി ഏറ്റുവാങ്ങി. ആയിരത്തിലേറെ കുലകളാണ് ഇപ്രാവശ്യം എത്തിച്ചത്. എല്ലാ വർഷവും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് പൂവൻ കുലകൾ ഭൂരിഭാഗം എത്തിക്കുന്നത്. എന്നാൽ ഇത്തവണ പള്ളിയിൽ നിന്ന് കഴിഞ്ഞ വർഷം ഇടവകക്കാർക്ക് വിതരണം ചെയ്ത പൂവൻകായ കന്നുകൾ കൃഷി ചെയ്തു വിളവെടുത്ത വയാണ് എത്തിച്ചത്. ഇതിനു പുറമേ മേലൂർ സെന്റ് ജോസഫ്സ് പള്ളിയിൽ നിന്നുള്ള കുടുംബയൂണിറ്റ് പ്രതിനിധികളും കുലകളെത്തിച്ചു.
തമിഴ്‌നാട്ടിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിക്ക് ശേഷം രണ്ടാം സ്ഥാനം ആണ് കൊരട്ടി പള്ളിക്ക് ഉള്ളത്. കേരളത്തിലെ ഏറ്റവും വലിയ മരിയന്‍ കേന്ദ്രമാണിത്. എല്ലാ വര്‍ഷവും ദശലക്ഷകണക്കിന് ഭക്തരാണ് ഇവിടം സന്ദര്‍ശിക്കുന്നത്.

ഐതിഹ്യം
കൊരട്ടി മുത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യം ഇങ്ങനെയാണ്. മേലൂരിലെ ഒരു കര്‍ഷകന്‍ പണ്ടൊരിക്കല്‍ പള്ളിയിലെ മുത്തിക്ക് നേര്‍ച്ചയായി കൊണ്ട് വന്ന കായക്കുല ജന്മി തട്ടിയെടുത്തുവെന്നും തുടര്‍ന്ന് ജന്മിക്കു ഉണ്ടായ അസുഖം മാറാന്‍ മുത്തിക്ക് നേർച്ച നല്‍കിയെന്നുമാണ് ഐതിഹ്യം. ഇത് നേര്‍ച്ചയുമായി ബന്ധപ്പെട്ട ഐതിഹ്യമാണിത്.
പെരുന്നാൾ
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ആണ് കൊരട്ടി മുത്തിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ പത്തിന് ശേഷം വരുന്ന ശനി ആഴ്ചയോ ഞായറാഴ്ചയോ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ആഘോഷം ഗംഭീരമായി നടത്തപ്പെടുന്നു. നാനാ ജാതി മതസ്ഥരും വികാരിമാരും കന്യാസ്ത്രീകളും മറ്റു വിശ്വാസികളും പങ്കെടുക്കുന്നു. എട്ടാം നാള്‍ എട്ടാമിടം ആഘോഷിക്കുന്നു.
നേർച്ച വഴിപാടുകൾ
പൂവന്‍ കുലയാണ് കൊരട്ടി പള്ളിയിലെ പ്രധാന നേര്‍ച്ച. ഭക്തന്മാര്‍ അവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പൂവന്‍ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമര്‍പ്പിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാനാണ് ഈ നേര്‍ച്ച ചെയുന്നത്.
മറ്റൊരു നേര്‍ച്ചയാണ് ഭജന. നിരാഹാരമിരുന്നു പള്ളിയില്‍ ഭജന പാടാനിരിക്കുന്നത് തെറ്റ് കുറ്റങ്ങള്‍ക്കുള്ള മാപ്പു അപേക്ഷ ആയിട്ടും അനുഗ്രഹത്തിനായും ചെയ്തു വരുന്നു. പാപ പരിഹാരത്തിനായി മുട്ടിലിഴല്‍ പ്രദക്ഷിണവും നടത്തി വരുന്നു.
പള്ളി വാതില്‍ക്കല്‍ മുതല്‍ കൊരട്ടി മുത്തിയുടെ രൂപം വരെയാണ് മുട്ടിലിഴല്‍ നടത്തുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ഒരു ആചാരമായ തുലാഭാരം ഇവടെ നടത്തപ്പെടുന്നു. ആളുടെ ശരീരഭാരത്തിന് തത്തുല്യമായ ഭാരംഅനുസരിച്ചുള്ള വസ്തുക്കള്‍ പള്ളിക്ക് നല്കുന്നു. ഈ വസ്തുക്കള്‍ പ്രധാനമായും അവരുടെ വാണിജ്യമോ ജീവിതമോ ആയി ബന്ധപ്പെട്ടതോ ആയിരിക്കും. ഭാരത്തിനു അനുസരിച്ചു വില നല്‍കി പള്ളിയില്‍ നിന്നും തന്നെ തുലാഭാരത്തിന് അനുസൃതമായ വസ്തുക്കള്‍ സംഘടിപ്പിക്കാവുന്നതാണ്. തേങ്ങ, വാഴക്കുല, കുരുമുളക്, നെയ്യ്, വെള്ളി വസ്തുക്കള്‍, തുണി എന്നിവയാണ് പൊതുവേ ഈ ചടങ്ങിനു ഉപയോഗിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
![]() |


