അടിമാലിയിൽ സിപിഐ വിട്ട് യുഡിഎഫിൽ ചേർന്ന് പ്രസിഡന്റ് പദവിയിൽ എത്തിയ സനിതാ സജി എൽഡിഎഫിൽ ചേർന്നു. എൽഡിഎഫ് സ്വതന്ത്രയായി ആണ് തിരിച്ചുവരവ്. ഇതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് സനിത സജി പറഞ്ഞു.
2022 ജൂൺ ആറിനാണ് അവിശ്വാസത്തിലൂടെ എൽഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫിൽ നിന്നും വിജയിച്ച യുവ പഞ്ചായത്ത് അംഗം സനിത സജിയും സ്വതന്ത്രൻ വി ടി സന്തോഷും പിന്തുണ യുഡിഎഫിന് നൽകുകയായിരുന്നു. തുടർന്ന് സനിതാ പ്രസിഡന്റായി യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നു. ഇത് യുഡിഎഫിനുള്ളിൽ അലോസരം സൃഷ്ടിച്ചിരുന്നു. പിന്നീട് അടിമാലി കോൺഗ്രസിലെ ഗ്രൂപ്പ് പോര് കനത്തതോടെ ഭരണം പ്രതിസന്ധിയിൽ ആവുകയായിരുന്നു. സനിത എൽഡിഎഫിൽ തിരികെ എത്തിയതോടെ 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 09, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് നിലവിൽ കക്ഷിനില.
അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സനിത സജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് രംഗത്തെത്തി. യാതൊരു രാഷ്ടീയ മര്യാദയും പാലിക്കാന്‍ സനിതാ സജിക്കായില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ആരെയാണോ തള്ളിപ്പറഞ്ഞത് അവരെ സ്വീകരിക്കുന്ന ലജ്ജാകരമായ തീരുമാനമാണ് സനിതയുടേത്. കൂടാതെ ജസ്റ്റിന്‍ കുളങ്ങരയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും കോണ്‍ഗ്രസ് വ്യക്തമാക്കി.
അടിമാലി പഞ്ചായത്ത് പ്രസിഡന്റായ സനിത സജി ഇടതു മുന്നണിയില്‍ ചേര്‍ന്ന സംഭവത്തില്‍ അതൃപ്തി പ്രകടമാക്കി സി.പി.ഐ പ്രാദേശീക നേതൃത്വം രംഗത്തെത്തി. സംഭവം സി.പി ഐ അറിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ നിന്നുള്ള വിവരം മാത്രമേയുള്ളു. ഇടതു മുന്നണി യോഗത്തില്‍ തീരുമാനമെടുത്ത് മുന്നോട്ട് പോകും. സി.പി.ഐ സീറ്റില്‍ മത്സരിച്ചു വിജയിച്ച സനിത ഇടതു മുന്നണിയേയും സി.പി.ഐയെയും വഞ്ചിച്ചുകൊണ്ടാണ് യു.ഡി.എഫില്‍ ചേര്‍ന്നതെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എം ഷാജി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്