
അരിക്കൊമ്പൻ മിഷൻ പൂർത്തിയാക്കുന്നതിനുള്ള നാല് കുങ്കിയാനകളും ചിന്നക്കനാലിൽ എത്തിച്ച് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചിരിക്കുകയാണ് വനം വകുപ്പ്. അരിക്കൊമ്പനെ പിടികൂടുന്നതിനായി രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തി. രാവിലെ പത്തരയോടെയാണ് കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ എത്തിയത്. രണ്ട് കുങ്കിയാനകൾ നേരത്തെ തന്നെ എത്തിയിരുന്നു. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള മറ്റ് നടപടികളുമായി വനംവകുപ്പ് മുൻപോട്ട് പോകും. എന്നാൽ കോടതി ഉത്തരവിലൂടെ മാത്രമേ അരിക്കൊമ്പനെ മയക്കുവെടി വെക്കുകയൊള്ളു.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് താൽകാലികമായി ഹെെക്കോടതി തടഞ്ഞിരിക്കുകയാണെങ്കിലും കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായി അരിക്കൊമ്പനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഹർജി പരിഗണിക്കുന്ന 29-ാം തീയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടിയുണ്ടാകൂ. ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് ഇന്ന് തുടങ്ങി.
കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. കേസിൽ കക്ഷി ചേരാനാണ് ഇരു പഞ്ചായത്തുകളുടേയും നീക്കം. കേസിൽ കക്ഷി ചേരുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ഹർത്താൽ അടക്കമുളള സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് സൂചന.
ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയില്‍ രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ മിഷൻ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




