
ഇടുക്കി വാഴവരയിൽ ആശ്രമം കോളേജിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റു. കാഞ്ചിയാർ പാലാക്കട സ്വദേശി രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. രതീഷിന്റെ ഭാര്യ വാഹനത്തിന്റെ അടിയിൽ അകപ്പെട്ടു. രതീഷിനും ഭാര്യക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് മാത്യൂവിന്റെ സമയോചിതമായ ഇടപെടലാണ് അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇടുക്കിയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് ആപകടം കൺമുമ്പിൽ കണ്ടത്. ഉടൻതന്നെ അപകടത്തിൽപ്പെട്ട വാഹനം ഉയർത്തി രതീഷിന്റെ ഭാര്യയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ടവരെ പോലീസ് വാഹനത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.




