
മീഡിയവണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കിനൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
കAഴിഞ്ഞ വർഷം ജനുവരി 31നാണ് മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വർഷം മാർച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.
മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കി. 2022 നവംബർ മൂന്നിന് വാദം പൂർത്തിയായ കേസിൽ ഇന്നാണ് ചരിത്രവിധിയുണ്ടായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







