
കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്ന സംഘത്തിലെ നാല് പേർ കൂടി എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സ്വദേശി സീനത്ത് മൻസിൽ മുഹമ്മദ് ഇർഫാൻ (21) മട്ടാഞ്ചേരി കൽവർത്തി സ്വദേശി പനച്ചിക്കൽ വീട്ടിൽ ആഷിദ് അഫ്സൽ (22) ഇടുക്കി കട്ടപ്പന സ്വദേശി മുട്ടത്ത് വീട്ടിൽ തോമസ് സാബു (തോമാ) (25) ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശി പുളിക്കമാക്കൽ വീട്ടിൽ അജേഷ് (23) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് ആറ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാറും ഒരു ന്യൂജനറേഷൻ ബൈക്കും അഞ്ച് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഇർഫാൻ, തോമസ് സാബു എന്നിവർ ചേർന്ന് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ചശേഷം ഇവിടെ റൂം വാടകക്കെടുത്ത് ആഷിദിന്റെയും അജേഷിന്റെയും സഹായത്തോടുകൂടി കൊച്ചിയിൽ വിറ്റഴിച്ച് വരികയായിരുന്നു.
കൊച്ചി പനമ്പിള്ളി നഗറിൽ മനോരമ ജംഗ്ഷനോട് അടുത്ത് മയക്കുമരുന്ന് കൈമാറുന്നതിനായി ആഡംബര കാറിൽ എത്തിയ മുഹമ്മദ് ഇർഫാനെയും തോമസ് സാബുവിനെയും അജേഷിനെയും എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.തുടർന്ന് ലൊക്കേഷൻ പ്രകാരം മയക്കുമരുന്ന് എത്തിച്ച് നൽകുന്ന ഇവരുടെ പങ്കാളിയായ ആഷിദ് അഫ്സലിനെ കലൂർ സ്റ്റേഡിയം ഭാഗത്തുനിന്നും മയക്കുമരുന്നമായി എക്സൈസ് പിടികൂടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നും ഇടുക്കി കട്ടപ്പന ഭാഗത്തേക്ക് വൻതോതിൽ മയക്ക് മരുന്ന് കടത്തിയിരുന്ന തോമ എന്ന തോമസ് സാബു ഇടുക്കി എക്സൈസിന്റെ പക്കൽ നിന്നും തന്ത്രപൂർവം രക്ഷപ്പെട്ടു നടക്കുകയായിരുന്നു.
മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായിട്ടുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. ബാഗ്ലൂരിൽ നിന്ന് രാസലഹരി എത്തിക്കഴിഞ്ഞാൽ 'ജോമോൻ ഓൺ ആയിട്ടുണ്ട്' എന്ന കോഡ് സമൂഹ മാധ്യമങ്ങളിലെ ഇവരുടെ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് ആവശ്യക്കാരെ തേടയിരുന്നത്. 'ജോമോൻ' എന്ന കോഡിൽ നഗരത്തിൽ മയക്ക് മരുന്ന് വിതരണം നടത്തുന്നതായുള്ള വിവരം എക്സൈസ് സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ടീം ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







