അരിക്കൊമ്പൻ മിഷന് വനംവകുപ്പ് പൂർണ സജ്ജമായി. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് രാവിലെ ഏഴുമണിയോടെ തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ചേയ്ക്കുമെന്നാണ് വനം വകുപ്പ് അധികൃതർ അറിയിക്കുന്നത്. ജനങ്ങൾ പൂർണമായും ദൗത്ത്യത്തോട് സഹകരിക്കുന്നുണ്ടെന്നും നേരത്തേ നേരിയ ചാറ്റൽമഴ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാലാവസ്ഥ പൂർണമായും അനുകൂലമാണെന്നും ദൗത്യ സംഘം അറിയിച്ചു.
മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.
അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിച്ചു. വെളുപ്പിന് നാലുമണിമുതൽ ദൗത്യം പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും പ്രത്യേകം കടമകൾ നൽകിയിട്ടുണ്ട്.
നിലവിൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉള്ളത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകൾ ഉൾപ്പെടെ 150 ഓളം പേർ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം, കെഎസ്ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിലുള്ളത്.
ഹൈറേഞ്ച് സർക്കിൾ സിസി എഫ്ആർഎസ് അരുൺ, രമേഷ് ബിഷ്‌നോയ് മൂന്നാർ ഡിഎഫ്ഓ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ദൗത്യ സംഘത്തിലെ സ്പെഷ്യൽ ടീം നയിക്കുന്നത് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ ആണ്. നാലു ഡോക്ടർമാരാണ് ഈ സംഘത്തിൽ ഉണ്ടാവുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്