
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംഭവ സ്ഥലത്ത് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: പൂപ്പാറ അപകടത്തില്‍ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി.
ശനിയാഴ്ച വൈകിട്ട് 6.45ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമെട്ടിന് സമീപം പാപ്പാത്തി വളവിലാണ് മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. തിരുനെല്‍വേലിയില്‍ നിന്ന് മൂന്നാറിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വാഹനമാണ് അപടകടത്തില്‍പ്പെട്ടത്. എട്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ അപകടത്തില്‍ ഇതുവരെ മരിച്ചു. മുൻപും നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി വളവുകള്‍ തിരിച്ചറിയുന്നതിന് വേണ്ട സൂചനാ ബോര്‍ഡുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും റോഡില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പുതിയതായി നിര്‍മ്മിച്ച റോഡിലൂടെ അമിതവേഗതയിലുള്ള യാത്ര വലിയ അപകടങ്ങള്‍ക്ക് ഇനിയും കാരണമാകും.
താത്കാലിക പരിഹാരമായി ബ്ലിങ്കിംഗ് ലൈറ്റുകളും റോഡിന് കുറുകെ റബ്ബര്‍ സ്ട്രിപ്പുകളും സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ പറഞ്ഞു. പരിശോധന കര്‍ശനമാക്കുന്നതിനും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപകടങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ്, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ റോഡ് ഓഡിറ്റിംഗ് നടത്തുമെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.





