
ലോക്കല്‍ പോലീസിന്‍റെ ഒത്താശയോടെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നുവരുന്ന അനധികൃത മണ്ണുഖനന കേന്ദ്രങ്ങളില്‍ തൊടുപുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡിന്‍റെ മിന്നല്‍ പരിശോധന. അര്‍ധരാത്രി നടത്തിയ പരിശോധനയില്‍ ഞറുക്കുറ്റി മാണിക്കുന്ന് പീടികയില്‍നിന്നു മൂന്നു ടിപ്പറുകളും രണ്ടു മണ്ണുമാന്തി യന്ത്രങ്ങളും ഇവര്‍ പിടികൂടി.
വിവിധ പ്രദേശങ്ങളിലേക്കു കടത്താനായി ടിപ്പറുകളില്‍ മണ്ണു നിറച്ച നിലയിലായിരുന്നു. വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തശേഷം ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് വിട്ടയച്ചു. ഒരു ടിപ്പര്‍ ഉടമ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. വാഹനങ്ങള്‍ പിടിച്ചെടുത്ത് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡിവൈഎസ്പി പറഞ്ഞു.
കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍തോതില്‍ മണ്ണ് ഖനനവും കടത്തും നടന്നുവരുന്നതായി സ്പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോലീസില്‍തന്നെയുള്ള ചിലരുടെ ഒത്താശയോടെയാണ് മണ്ണുമാഫിയ പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെയാണ് കരിമണ്ണൂര്‍ പോലീസിനെ അറിയിക്കാതെ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് മിന്നല്‍ പരിശോധനയ്ക്കിറങ്ങിയത്.
കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍തന്നെയുള്ള ഉദ്യോഗസ്ഥര്‍ മണ്ണുകടത്തലിന് ഒത്താശ ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു സ്പെഷല്‍ സ്ക്വാഡിന്‍റെ നീക്കം. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തശേഷമാണ് കരിമണ്ണൂര്‍ പോലീസ് അറിയുന്നത്.
ഇതിനിടെ, കരിമണ്ണൂര്‍ എസ്‌എച്ച്‌ഒയുടെ ചുമതല വഹിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ കെ.എ. അബിയെ അടിമാലിയിലേക്കു സ്ഥലംമാറ്റിയത് മണ്ണുലോബിയുമായുള്ള ബന്ധത്തെത്തുടര്‍ന്നാണെന്ന് സൂചനയുണ്ട്. കരിമണ്ണൂര്‍ ഡിവൈഎസ്പിയുടെ സ്ക്വാഡ് മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടികൂടിയതിനു പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി എസ്‌എച്ച്‌ഒയെ സ്ഥലം മാറ്റിയത്. തൊടുപുഴ അഡീഷണല്‍ എസ്‌ഐ കെ.ജെ. ജോബിയാണ് പുതിയ കരിമണ്ണൂര്‍ എസ്‌എച്ച്‌ഒ.
തിടുക്കപ്പെട്ട് നടത്തിയ നീക്കത്തിനുപിന്നില്‍ മാഫിയയെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഉൗര്‍ജിതപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് വിവരം. അബി കരിമണ്ണൂര്‍ എസ്‌എച്ച്‌ഒ ആയി ചുമതലയേറ്റശേഷം മേഖലയില്‍ മണ്ണുഖനനവും കടത്തും വര്‍ധിച്ചതായാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹത്തിന്‍റെ ബന്ധു മണ്ണുകടത്തലുമായി ബന്ധപ്പെട്ടുള്ള ലോബിയിലുള്ള ആളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







