
ഇടുക്കി കമ്പംമെട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കൈയില്‍ ചതവും ഉണ്ടായിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച വിവരം പോലീസില്‍ അറിയിച്ചതോടെ വീട്ടമ്മ രണ്ടു കുട്ടികളുമായി ആത്മഹത്യക്കു ശ്രമിച്ചു. കമ്പംമെട്ട് പോലീസ് എത്തിയാണ് കെട്ടിത്തൂങ്ങിയ വീട്ടമ്മയെ ഷാള്‍ അറുത്തുമാറ്റി രക്ഷിച്ചത്. വീട്ടമ്മ തുങ്ങിയതിന് സമീപം കുട്ടികള്‍ക്കായി രണ്ടു ഷാളുകളും കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് എട്ടു വയസുകാരിയുടെ വല്യമ്മ (അമ്മയുടെ അമ്മ) പറയുന്നതിങ്ങനെ: പരിക്കേറ്റത് വീട്ടമ്മയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ്. വീട്ടമ്മ രണ്ടാമത് വിവാഹം കഴിച്ചതില്‍ മറ്റൊരു കുട്ടിയുമുണ്ട്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. ഇന്നലെ രാവിലെ വല്യമ്മ ജോലിക്കു പോകാനായി ഇറങ്ങി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന എട്ടു വയസുകാരിയെ വഴക്കു പറയുന്നത് കേട്ട വല്യമ്മ തിരികെയെത്തി കുട്ടിയെ വഴക്കുപറയുന്നത് വിലക്കി. ഇതില്‍ പ്രകോപിതയായ വീട്ടമ്മ വല്യമ്മയെയും എട്ടു വയസുകാരിയെയും ആക്രമിക്കുകയായിരുന്നു.
വല്യമ്മ വിവരമറിച്ചതനുസരിച്ച് കമ്പംമെട്ട് പോലീസ് എത്തുന്നതിനു തൊട്ടു മുൻപ് വീട്ടമ്മ കുട്ടികളുമായി മുറിയില്‍ കയറി ആത്മമഹത്യക്ക് ശ്രമിക്കുകയായിരുന്നു. അമ്മയുടെ ആക്രമണത്തില്‍ പരുക്കേറ്റ എട്ടു വയസുകാരിയെ കമ്പമെട്ട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








