.jpeg)
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവിനു പുറമെ 14 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. അടിമാലി പഴമ്പിള്ളിച്ചാല്‍ സ്വദേശി പള്ളിത്താഴത്ത് വീട്ടില്‍ സുജിത്തി (38) നെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. വാഴക്കുളം മഞ്ഞള്ളൂര്‍ ചവറ കോളനി ഭാഗത്ത് പേരാലില്‍ ചുവട്ടില്‍ സന്തോഷ് കുമാര്‍ (49) കൊല്ലപ്പെട്ട കേസിലാണ് ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചത്.
2017 ഏപ്രില്‍ 28-നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സന്തോഷ് കുമാറിന്റെ സുഹൃത്തും വാഴക്കുളത്തെ ഹോട്ടല്‍ ജീവനക്കാരനുമായിരുന്നു സുജിത്. പെയിന്റിങ് തൊഴിലാളിയായിരുന്ന സന്തോഷ് കുമാറില്‍നിന്ന് സുജിത് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. ഒരുമിച്ച് മദ്യപിച്ച ശേഷം അവശനായ സന്തോഷ് കുമാറിനെ നേര്യമംഗലം വനത്തില്‍വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല ഊരിയെടുത്ത ശേഷം മൃതദേഹം കൊക്കയിലെറിഞ്ഞു.
സന്തോഷ് കുമാറിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുജിത് പിടിയിലായത്. സന്തോഷ് കുമാറിന്റെ മാല പ്രതിയുടെ ഭാര്യയുടെ വീട്ടില്‍നിന്നു കണ്ടെടുത്തത് കേസില്‍ നിര്‍ണായക തെളിവായിമാറി.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. അഭിലാഷ് മധുവാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. വാഴക്കുളം പോലീസ് അന്വേഷിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാര്‍ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




