പുരോഹിതൻ ചമഞ്ഞ് ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൊടുപുഴ അരിക്കുഴ ലഷ്മി ഭവനില്‍ അനില്‍ വി.കൈമളിനെയാണ് (38) ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, ഡിവൈ.എസ്.പി ബിനു ശ്രീധര്‍, വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലെ പൊലീസ് സംഘം മൈസൂര്‍ നഞ്ചൻകോട്ടില്‍നിന്നും പിടികൂടിയത്. തട്ടിയെടുത്ത പണത്തില്‍ നിന്ന് 4.88 ലക്ഷം രൂപ പിടിച്ചെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട എട്ടു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയും തിരുവനന്തപുരം കരമന പ്രേം നഗറില്‍ കുന്നപ്പളളില്‍ ബോസിന്റെ പരാതിയിലാണ് അറസ്റ്റ്.
മൂന്നാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭൂമിയും റിസോര്‍ട്ടുകളും ലാഭത്തില്‍ കിട്ടാനുണ്ടെന്നും സഭയുടെ കീഴിലെ സ്ഥാപനമായതിനാല്‍ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പുരോഹിതനായി ബോസിനെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് ബോസ് സ്വന്തം കാറില്‍ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയില്‍ എത്തി. ഫോണ്‍ ചെയ്തപ്പോള്‍ മൂന്നാറിലേക്ക് ആനച്ചാല്‍ വഴി വരാൻ ആവശ്യപ്പട്ടു. ആനച്ചാലില്‍ എത്തിയപ്പോള്‍ ചിത്തിരപുരം സ്ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ തന്റെ കപ്യാര്‍ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. ഇതുപ്രകാരം വെയ്റ്റിങ് ഷെഡില്‍ എത്തി. കപ്യാരായി എത്തിയ അനില്‍ പണം കാണിക്കാൻ പറഞ്ഞു.പണം കാണിക്കുന്നതിനിടെ ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ ബോസ് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അനില്‍ മൈസൂരില്‍ ഉണ്ടെന്ന് മനസിലാക്കി ഇവിടെ എത്തി പിടികൂടുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് പദ്ധതി തയാറാക്കിയതെന്നും 9 ലക്ഷം വീതം വീതിച്ചെടുത്തെന്നും ബാക്കി 8 ലക്ഷം സഹായിച്ച അഞ്ച് പേര്‍ക്ക് നല്‍കിയെന്നും അനില്‍ പറഞ്ഞു.
പിടികൂടിയ 4.88 ലക്ഷം രൂപക്ക് ബാലൻസ് വന്ന തുക പലിശക്ക് വരെ നല്‍കിയതായി അനില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ സജി എൻ. പോള്‍, സി.ആര്‍. സന്തോഷ്, ടി.ടി ബിജു, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്