
നെടുംകണ്ടത്തിന് സമീപം മുണ്ടിയെരുമയിൽ മദ്യപിച്ചശേഷം അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടികളുടെ പിതാവിന്റെയും ബന്ധുവിന്റെയും അറസ്റ്റ് നെടുങ്കണ്ടം പോലീസ് രേഖപ്പെടുത്തി. കുട്ടികളുടെ പിതാവിന്റെ സഹോദരീ ഭർത്താവ് രഞ്ജിത്ത് (34) കുട്ടികളുടെ അച്ഛനായ ശരത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Also Read: ആശങ്കകൾക്ക് വിരാമം; വനം വകുപ്പിന്റെ പ്രത്യേകസംഘം അരിക്കൊമ്പനെ ട്രാക്ക് ചെയ്തു.
പിതാവ് ഒന്നാംപ്രതിയായും ബന്ധു രണ്ടാം പ്രതിയുമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് മർദ്ധിക്കൽ, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങി നാലോളം വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പിതാവായ ശരത്തും അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളും കുറച്ചുകാലമായി മുണ്ടിയെരുമയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. വീട്ടിൽനിന്ന് രാത്രി ഏറെവൈകി കുട്ടികളുടെ കരച്ചിൽ കേട്ടതിനെത്തുടർന്ന് അയൽവാസികളും ആശാവർക്കറും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് ക്രൂരമർദനമേറ്റ പാടുകൾ ശരീരത്തിൽ കണ്ടത്.
ആശാവർക്കറും നാട്ടുകാരുംചേർന്ന് പട്ടംകോളനി മെഡിക്കൽ ഓഫീസർ വി.കെ.പ്രശാന്തിനെ വിവരമറിയിച്ചിരുന്നു. പ്രശാന്തും ആരോഗ്യപ്രവർത്തകരും ചേർന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ രണ്ടാഴ്ചയായി കുട്ടികൾക്ക് മർദനമേറ്റിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസർ നെടുങ്കണ്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളുടെ അമ്മയ്ക്ക് ബുദ്ധിമാന്ദ്യമുണ്ട്. പെയിന്റിങ് തൊഴിലാളിയാണ് പിതാവ്. രാത്രിവൈകി മദ്യപിച്ച് കുട്ടികളുടെ പിതാവും ബന്ധുവും വീട്ടിലെത്തും. തുടർന്ന് മദ്യലഹരിയിൽ പിതാവ് ബോധമില്ലാതെ കിടന്നുറങ്ങുമ്പോൾ ബന്ധുവാണ് കുട്ടികളെ ക്രൂരമർദനത്തിനിരയാക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാപ്പിക്കമ്പും കയറും ഉപയോഗിച്ചാണ് സ്ഥിരമായി മർദനം.
കൈപ്പത്തിക്കുമുകളിലും കമ്പുപയോഗിച്ച് അടിക്കാറുണ്ട്. ഉപ്പ് നിലത്ത് വിതറി ശിക്ഷയെന്നപേരിൽ കുട്ടികളെ ഉപ്പിനുമുകളിൽ മുട്ടുകുത്തിച്ച് നിർത്തുന്നതും പതിവായിരുന്നു. രണ്ട് കുട്ടികളുടെയും പുറത്തും കാലിലും തുടയിലും അടിയേറ്റ പാടുണ്ട്. അഞ്ചുവയസ്സുകാരിയുടെ ശരീരത്തിൽ 10 മുറിവും ഏഴുവയസ്സുകാരിയുടെ ശരീരത്തിൽ 14 മുറിവും ചതവുകളും കണ്ടെത്തി.
കുട്ടികള്‍ പഠിക്കാത്തതിനാലാണ് ഇത്തരത്തിൽ ക്രൂരമായ ശിക്ഷ നടപ്പാക്കിയതെന്നാണ് പെണ്‍കുട്ടികളുടെ പിതാവും ബന്ധുവും പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. നെടുണ്ടം സി.ഐ. ബി.എസ്.ബിനു, എസ്.ഐ. കെ.ടി.ജയകൃഷ്ണൻ, എ.എസ്.ഐ. ബിന്ദു, സി.പി.ഒ. ജയൻ, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്