തൊടുപുഴ ടൗൺഹാളിന് സമീപത്തായി അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ മൂന്ന് പേർ പിടിയിലായി. തൊടുപുഴ ഞറുക്കുറ്റി സ്വദേശി ചക്കാലയിൽ സനൽ (21), തൊടുപുഴ സ്വദേശി കവണിശ്ശേരി കിരൺ (18), തൊടുപുഴ മാറിക സ്വദേശി മഞ്ചോട്ടിൽ ഷിന്റോ (23)എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (22 മെയ് 2023).
പോലീസ് സംഘത്തെ കണ്ട് കൈയിലുണ്ടായിരുന്ന കഞ്ചാവ് പൊതികൾ പുഴയിലെറിഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പുഴയിൽ വീഴാതെ കരയിൽ വീണ കഞ്ചാവ് പൊതികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്ക് എതിരെ മുൻപും സമാനമായ കേസുകൾ രജിസ്റ്റർ ചെയിതിട്ടുണ്ട്. ഇതോടെ ക്ലീൻ തൊടുപുഴയുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
ഞറുക്കുറ്റി സ്വദേശിയായ സനലിനെയും കാമുകിയെയും കഞ്ചാവുമായി കഴിഞ്ഞ ഡിസംബറിൽ പോലീസ് സംഘം പിടികൂടിയിരുന്നു. തൊടുപുഴയിലെ ഏഴ് റബർ മോഷണക്കേസുകളിൽ പ്രതിയായ ഷിന്റോ കൊച്ചിയിൽ കഞ്ചാവ് കേസിലും പ്രതിയാണ്. തൊടുപുഴ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നവരുടെ പട്ടിക തൊടുപുഴ ഡിവൈഎസ്പി തയാറാക്കിയിരുന്നു. ഇതിൽ പതിനൊന്നാമനാണ് അറസ്റ്റിലായ ഷിന്റോ. തൊടുപുഴ ഡിവൈഎസ്‍പി എം ആർ മധുബാബുവിന്റെ നേതൃത്വത്തിൽ എഎസ്ഐ ഉണ്ണികൃഷ്ണൻ, സിപിഓമാരായ പി.എസ് സുമേഷ്, താഹിർ കെ.എസ്, ഹാരിസ് വി.എച്ച് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.