ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണ കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി തടിയംപാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ്(37), ഇയാളുടെ സുഹൃത്ത് ഇടുക്കി പാമ്പാടുംപാറ സ്വദേശി പുത്തൻവീട്ടിൽ രതീഷ്(27) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ചെറുതോണിയിലെ സംഭവസ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് പ്രതികൾ പെരുമ്പാവൂരിൽ നിന്നുമാണ് വാങ്ങിയത്. ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് ഒന്നാം പ്രതിയായ ജിനീഷിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആസിഡ് വാങ്ങിയ പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനത്തിൽ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ കപ്പ് പ്രതികൾ ചെറുതോണിയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഏറെക്കാലമായി പാലക്കാട് ഒരുമിച്ച് ജോലി ചെയ്തുവരുന്ന പാമ്പാടുംപാറ സ്വദേശി രതീഷ് എന്ന് വിളിക്കുന്ന കണ്ണനെ ആക്രമണത്തിനായി ജിനീഷ് കൂടെ കൂട്ടുകയായിരുന്നു. ഇവർ കഴിഞ്ഞ ദിവസം മടങ്ങിവരുന്നതിനിടെ പെരുമ്പാവൂരിൽ നിന്നും ആസിഡ് വാങ്ങുകയായിരുന്നു.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ചികിത്സയിൽ കഴിയുന്ന ലൈജുവിന് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ തെളുവുകൾ ശേഖരിച്ച് അന്വേഷണം പൂർത്തിയാക്കുകയോള്ളൂവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയ അന്ന് ഇരുവരും ലൈജുവിന്റെ കടയുടെ സമീപത്ത് ആസിഡുമായി കാത്തുനിന്ന് കട അടച്ചശേഷം പുറകെ എത്തി ആക്രമിക്കുകയായിരുന്നു.
രണ്ടാം പ്രതി രതീഷ് പോസ്കോ ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. ഇടുക്കി എസ്പി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ പഴുതടച്ചുള്ള അന്വേഷണത്തിൽ പ്രതികളെ പോലീസ് ഇന്നലെ രാവിലെയാണ് പിടികൂടിയത്. ഇടുക്കി ഡിവൈഎസ്പി കഞ്ഞിക്കുഴി, കരിമണൽ സിഐമാർ ഉൾപ്പെടെ 14 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നടത്തിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്