ഇടുക്കി തങ്കമണിക്ക് സമീപം കുട്ടൻ കവലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാളിയാർകണ്ടം കൊല്ലം പറമ്പിൽ അഭിജിത്ത് (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ തമ്പുരാൻകുന്ന് ഭാഗത്ത് റോഡ് സൈഡിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ തങ്കമണി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണി മുതലാണ് അഭിജിത്തിനെ കാണാതാകുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബന്ധുക്കൾ തങ്കമണി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ തങ്കമണി നീലവയൽ അമ്പലത്തിന് സമീപം അഭിജിത്തിൻറെ ഇരുചക്ര വാഹനം കണ്ടെത്തിയിരുന്നു എന്നാൽ ഈ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അഭിജിത്തിൻറെ പേരിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ട കോടതിയിൽ പോയി തിരികെ വന്നതിനുശേഷമാണ് അഭിജിത്തിനെ കാണാതാവുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കൾ രംഗത്ത് വന്നതോടെ ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇടുക്കി തങ്കമണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന ആരോപണവുമായി സുഹൃത്തുക്കൾ, അന്വേഷണം ആരംഭിച്ച് പോലീസ്.
0
May 13, 2023