ബിജുവും മക്കളായ പ്ലസ് വൺ വിദ്യാർത്ഥി സച്ചിനും ആറാം ക്ലാസ് വിദ്യാർത്ഥി സഞ്ചുവും ചേർന്ന് സന്തോഷിനും മകൻ ഒമ്പത് വയസുകാരൻ അഭിഷേകിനുമൊപ്പമാണ് ത്രിവേണി സംഗമത്തിൽ എത്തിയത്. അഞ്ചംഗ സംഘം കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായ വന്ന വെള്ളത്തിൽ കുട്ടികൾ മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത് കണ്ട രക്ഷിതാക്കളായ ബിജുവും സന്തോഷും കുട്ടികളെ രക്ഷിക്കുന്നതിനായി മക്കളുടെ അടുത്തേക്ക് നീന്തിയെത്തി. എന്നാൽ മക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങി താഴ്ന്നു. സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ പിടിച്ചും തുഴഞ്ഞും നിന്ന കുട്ടികളുടെ കരച്ചിൽകേട്ടെത്തിയ പ്രദേശവാസികളായ അനൂപ് ആൻ്റണിയും, ഷാജിയും ഓടിയെത്തി മൂന്ന് കുട്ടികളെയും കരയ്ക്കെത്തിച്ചു.
കുട്ടികളിൽ നിന്നുമാണ് രക്ഷിതാക്കളും വെള്ളത്തിലുണ്ടെന്ന വിവരം ഇവർ അറിഞ്ഞത്. ഇതോടെ ഇരുവരും വെള്ളത്തിൽ ചാടി മുങ്ങിക്കിടന്ന സന്തോഷിനെയും ബിജുവിനെയും ഉയർത്തി. എന്നാൽ വെള്ളം ഓളം തല്ലിയത് മൂലം ഇവരെ പെട്ടെന്ന് കരയിലേക്ക് എത്തിക്കാനായില്ല. തുടർന്ന് കരയ്ക്ക് എത്തിച്ച സന്തോഷിനും ബിജുവിനും സി.പി.ആർ നൽകി എങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തുക്കളായിരുന്ന ബിജുവും സന്തോഷും എറണാകുളത്തെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത്. അവധി കിട്ടുമ്പോൾ നാട്ടിലെത്തുന്നതും ഇരുവരും ഒരുമിച്ച് കൂടുന്നതും പതിവായിരുന്നു. ഇന്ന് എറണാകുളത്തേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തമുണ്ടായത്. കാഞ്ഞാർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്