HONESTY NEWS ADS

 HONESTY NEWS ADS


തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം ചരക്ക് ലോറി അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അപകടങ്ങൾ തുടർക്കഥയാകുമ്പോഴും കണ്ണടച്ച് അധികൃതർ.

ചെറുതോണിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു
തൊടുപുഴ പുളിയമല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും കാലിത്തീറ്റയുമായി നെടുങ്കണ്ടത്തേക്ക്  പോവുകയായിരുന്ന ലോറിയാണ് ചെറുതോണി തീയേറ്റർ ജംഗ്ഷനിൽ അപകടത്തിൽപെട്ടത്. 

Also Read:  ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു.

പൈനാവിൽ നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാവുകയും നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു. അപകട സാഹചര്യം മുൻകൂട്ടി മനസ്സിലാക്കിയ ലോറി ഡ്രൈവർ വാഹനം തിയേറ്റർ റോഡിലേക്ക് കയറ്റുകയായിരുന്നു. റോഡിലെ കയറ്റത്തിലേക്ക് കയറിയ വാഹനം ബ്രേക്ക് തകരാറിലായതിനാൽ പിന്നോട്ട്  ഉരുണ്ട് ഇറങ്ങി. തൊട്ടു പിന്നിലായി നിന്ന ട്രാൻസ്ഫോർമർ ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ മനസ്സാന്നിധ്യം കൈവിടാതെ അവസരോചിതമായി ഇടപെടൽ നടത്തി തിട്ടയിൽ ഇടിപ്പിച്ചു നിർത്തി. എന്നാൽ മാറ്റുവാഹനങ്ങളോ, കാൽനടയാത്രക്കാരോ  ഇല്ലാത്തതിനാലും ട്രാൻസ്ഫോർമറിൽ ഇടിക്കാത്തതിനാലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 

തൊടുപുഴ - പുളിയൻമല റോഡിൽ പൈനാവിൽനിന്നു ചെറുതോണിയിലേക്കു വരുന്ന വാഹനങ്ങളാണ് തുടർച്ചയായി ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നത്. കൂടുതലും വഴി പരിചയം ഇല്ലാത്ത ഡ്രൈവർമാരാണ് മെഡിക്കൽ കോളജിന്റെ ഭാഗത്തെ ഇറക്കത്തിൽ വരുമ്പോൾ വാഹനത്തിന്റെബ്രേക്ക് നഷ്ട്ടപ്പെട്ട്  അപകടത്തിൽപെടുന്നത്. ദീർഘദൂര ചരക്ക് വാഹനങ്ങൾ പൈനാവ് കഴിയുമ്പോൾ അൽപ നേരം നിർത്തി വിശ്രമിച്ചിട്ട് യാത്ര തുടർന്നാൽ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധ ഡ്രൈവർമാർ പറയുന്നു. എന്നാൽ ഇത്തരം നിർദ്ദേശങ്ങളോ അപകട സാധ്യതാ മേഖലയെന്നുള്ള മുന്നറിയിപ്പു ബോർഡുകളോ പൈനാവിലോ സമീപ പ്രദേശങ്ങളിലോ ഇല്ല. 

തുടർച്ചയായി അപകടങ്ങൾ ഉണ്ടായപ്പോൾ ചെറുതോണിയിലെ ഓട്ടോ തൊഴിലാളി അസോസിയേഷൻ വെള്ളാപ്പാറയിൽ മുന്നറിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.  ഒട്ടേറെ അപകടങ്ങളും ഒട്ടേറെ പേരുടെ ജീവനുകളും ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമായി പൊലിഞ്ഞെങ്കിലും അധികൃതർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലായെന്നതാണ് വസ്തുത. ടൗണിലെ അശാസ്ത്രീയ ട്രാഫിക് സംവിധാനവും വാഹന തിരക്കും നിയന്ത്രിച്ച് അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS