
ഭുവനേശ്വർ- ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. 400 പേർക്ക് പരിക്കേറ്റതായും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. മരണ സംഖ്യ ഉയരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിനിൽ തൃശ്ശൂർ സ്വദേശികളായ നാല് പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ സുരക്ഷിതരെന്നാണ് വിവരം.
കൊൽക്കത്ത - ചെന്നൈ കൊറമാണ്ടൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി ഇടിച്ച് പാളം തെറ്റിയാണ് അപകടമുണ്ടായത്. കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽ നിന്നും ഇന്ന് ഉച്ചകഴിഞ്ഞ് 3.20ന് പുറപ്പെട്ട വണ്ടിയാണ് ഒഡീഷയിലെ പാലാസോഡിൽ നിന്നും ഭുവനേശ്വർക്കുള്ള യാത്രാമദ്ധ്യേ വൈകിട്ട് ഏഴുമണിയോടെ ഗുഡ്സ് ട്രയിനിൽ ഇടിച്ച് പാളം തെറ്റിയത്. 15 കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. ഇവയ്ക്ക് തീ പിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ ട്രെയിനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ട അതേസ്ഥലത്ത് മറ്റൊരു പാസഞ്ചർ ട്രെയിനും പാളം തെറ്റി അപകടത്തിൽപ്പെട്ടെന്നാണ് വിവരം. 12864 ബെംഗളൂരു- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ തീവണ്ടിയെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്