കമ്പം തേനി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി. തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്ന് വിടാനാണ് തീരുമാനം. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നുവിടൂ. അരിക്കൊമ്പൻ ആനയെ പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ആനിമൽ ആംബുലൻസിൽ 18 മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിലാണ് ആനയെ മണിമുത്താർ വനമേഖലയിലേക്കെത്തിച്ചത്
Also Read: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടം; ഇരുചക്രവാഹനവും ജീപ്പും കൂട്ടിയിടിച്ചു, ഒരാൾ മരണപ്പെട്ടു.
അരിക്കൊമ്പനെ വനമേഖലയിൽ തുറന്നുവിടുന്നതിനെതിരേ കളക്കാട് മേഖലയിൽ പ്രതിഷേധം ഉയർന്നിരുന്നു. മയക്കുവെടിവെച്ച് പിടികൂടിയ ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്താർ വനത്തിൽ തുറന്നുവിടുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മുദ്രാവാക്യംവിളികളുമായി തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
മണിമുത്താറിൽനിന്ന് 30 കിലോമീറ്റർ അകലെ മാഞ്ചോല എന്ന സ്ഥലത്ത് അരിക്കൊമ്പനെ ഇന്നുവിടുമെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ മണിമുത്താറിൽനിന്ന് വനമേഖലയായ മാഞ്ചോലയിലേക്ക് എത്താൻ വാഹനം പോകുന്ന വഴിയില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് കിലോമീറ്റർ വരെ മാത്രമാണ് വാഹനഗതാഗതം സാധിക്കുകയെന്നും അവിടെ തുറന്നുവിടാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നുമാണ് ജനങ്ങളുടെ ആരോപണം
പൊലീസും വനംവകുപ്പുമായി ജനങ്ങൾ ചർച്ചനടത്തിയെങ്കിലും പ്രതിഷേധക്കാർ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നൽകാൻ അവർക്ക് സാധിച്ചില്ല. സമവായത്തിലെത്താൻ സാധിക്കാതെവന്നതിനെ തുടർന്ന് ജനങ്ങൾ മുദ്രാവാക്യം വിളികളുമായി വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തി വനംചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽനിന്ന് 226 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല.
അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ വ്യക്തമാക്കിയിരുന്നു. നേരത്തെ എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേർപ്പെടുത്തിയത്. 'അരിക്കൊമ്പൻ മിഷനും' കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്