വിദേശജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെ മുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നും നാല് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനി ഹെണോ ലിനിൽ മാളിയേക്കൽ(38), സ്ഥാപനത്തിന്റെ ഏജന്റ് ആയി പ്രവർത്തിച്ച പതിനാറാംകണ്ടം സ്വദേശി പുന്നംതടത്തിൽ ഷിജോമോൻ(40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽ പ്രവർത്തിക്കുന്ന ഹൈസോൺ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ,ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിലും നിന്നും രണ്ടു ലക്ഷം മുതൽ 12 ലക്ഷം വരെ രൂപ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിസ കിട്ടാതായപ്പോൾ ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിൽ ചെന്ന് അന്വേഷിച്ചപ്പോൾ സ്ഥാപനം സ്ഥിരമായി പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി.
തട്ടിപ്പ് മനസിലാക്കിയ തോപ്രാംകുടി സ്വദേശികളായ ഉദ്യോഗാർത്ഥികൾ മുരിക്കാശ്ശേരി പോലീസിൽ പരാതി നൽക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യൂ കുര്യാക്കോസിന്റെ നിർദേശത്തെത്തുടർന്ന് ഇടുക്കി ഡി വൈ എസ് പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ പ്രതികൾ മൊബൈൽ ഫോൺ മാറ്റി ആന്ധ്ര, തമിഴ്നാട് ഭാഗങ്ങളിൽ ഒളിവിൽ പോയിരുന്നു.
തിരികെ എത്തിയ ഒന്നാം പ്രതിയായ ഷിജോ മോനെ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതിയായ ഹിന്നോ ലിനിലിനെ എറണാകുളത്ത് ഹോസ്റ്റലുകളിൽ മാറിമാറി താമസിക്കുന്നതിനിടെ സൈബർ പോലീസ്ന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യ പ്രതിയായ സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്ന ലെനിൻ മാളിയേക്കൽ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭ്യമായ വിവരം.
വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ഒരു മാഫിയാ സംഘം തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായിട്ടാണ് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







