തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഓവർ സീയർ നിയമനം
വെള്ളിയാമറ്റം പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഓവർ സീയറെ നിയമിക്കുന്നു. ഓഗസ്റ്റ് 17-നാണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തിയതി. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ),കമ്പ്യൂട്ടർ പരിജ്ഞാനം (അഭികാമ്യം).പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
ഗോത്രജനതയുടെ ആഘോഷങ്ങള്‍ക്ക് മറയൂരില്‍ തുടക്കം
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മറയൂര്‍ കുത്തുകല്‍ കുടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. 'നിശ്ചയദാര്‍ഢ്യത്തോടെ തദ്ദേശിയ യുവത' യെന്ന സന്ദേശമുയര്‍ത്തിയാണ് ആഗസ്റ്റ് 9 മുതല്‍ 15 വരെ വാരാചരണം നടക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഗോത്രജനവിഭാഗങ്ങള്‍ കടന്നുവരേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു . വിവിധ കുടികളുടെ ആശ്രയമായ മറയൂര്‍ സി.എച്ച് സി യുടെ നവീകരണത്തിന് 1.5 കോടി രൂപ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും . കുടി നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ , വന്യമൃഗ ശല്യം ഒഴിവാക്കാന്‍ സോളാര്‍ ഫെന്‍സിംഗ് , കുടിവെള്ളം, കെട്ടിട നിര്‍മ്മാണം, ഗതാഗത യോഗ്യമായ റോഡ് തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടികളില്‍ ആരോഗ്യം, വിദ്യാഭ്യാസം, ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും, പ്രത്യേക ക്ലാസുകളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തും. ഗോത്രവിഭാഗങ്ങളുടെ തനത് കലകളും വിവിധ ഇടങ്ങളിലായി അരങ്ങേറും . വേങ്ങപ്പാറ കുടിയിലും കുത്തുകല്‍, പെരിയ കുടികളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. കുടികളിലെ മുതിര്‍ന്നവരെ കളക്ടര്‍ പൊന്നാട നല്‍കി ആദരിച്ചു. ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് കുടി നിവാസികളുടെ കെന്നഞ്ചി എന്ന നൃത്ത രൂപവും കുടുംബശ്രീ അംഗങ്ങുടെ കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി.പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്റി അധ്യക്ഷത വഹിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ പി യിലേക്ക് ഡോക്ടറുടെ താല്‍ക്കാലിക ഒഴിവില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം
അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം
ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചു ചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം . മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം. മികച്ച സേവനം നല്‍കുന്നത് ബിസിനസ് വര്‍ദ്ധിക്കാന്‍ ഇടയാക്കും. മികച്ച ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കും മികച്ച ബിസിനസ് വ്യാപാരികള്‍ക്കും സമ്മാനിക്കാന്‍ വരുന്ന ഓണക്കാലത്തിന് കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.
വ്യാപാരികള്‍ക്ക് തദ്ദേശഭരണസ്ഥാപങ്ങളില്‍ നിന്ന് ലൈസന്‍സ് പുതുക്കി ലഭിക്കാന്‍ കാലത്താമസം നേരിടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും . കച്ചവട സ്ഥാപനങ്ങളുടെ മുമ്പില്‍ വാഹനങ്ങളില്‍ എത്തി വ്യാപാരം നടത്തുന്നവര്‍ കടകളിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുള്ള സമീപനം സ്വീകരിക്കണം. ഇവരുടെ അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗല്‍ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്നും താലൂക് സപ്ലൈ ഓഫീസര്‍മാര്‍ ഇതിന് നേതൃത്വം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ, ലീഗല്‍ മോട്രോളജി, പൊതുവിതരണം, പോലീസ്, ഫുഡ് സേഫ്റ്റി ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ ജില്ലയിലാകെ പരിശോധന നടത്തി വരുകയാണ്. ഇതുവരെയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 447 പരിശോധനകള്‍ നടത്തി. 32 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ തുടര്‍വിദ്യാഭ്യാസത്തിന് 'മുന്നേറ്റം' .ആദ്യഘട്ടം 25 പട്ടികവര്‍ഗ്ഗ സാങ്കേതങ്ങളില്‍ പദ്ധതി നടപ്പിലാക്കും
പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ പഠനം മുടങ്ങിയ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'മുന്നേറ്റം' പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കും. പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി തുടര്‍ വിദ്യാഭ്യാസം നല്കുന്നതിനായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്‍,പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍, മഹിളാ സമഖ്യ സൊസൈറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഇടുക്കി ജില്ലയിലെ 25 പട്ടികവര്‍ഗ സാങ്കേതങ്ങളിലാണ് പദ്ധതി നടപ്പാക്കുക . . അടിമാലി ഗ്രാമപഞ്ചായത്തിലെ ചുരക്കട്ടന്‍, തുമ്പിപ്പാറ, കട്ടമുടി, കുറത്തിക്കുടി, പടിക്കപ്പ്, തല നിരപ്പന്‍, കുളമാംകുഴി, തട്ടേക്കണ്ണന്‍, പട്ടയിടമ്പ്, പ്ലാമല, ഞാവല്‍പ്പാറ, ചിന്നപ്പാറ, കൊടകല്ല്, മൂന്നാര്‍ പഞ്ചായത്തിലെ ലക്കം, ദേവികുളം പഞ്ചായത്തിലെ കുണ്ടള, മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, വേലിയാംപാറ, കമ്പനിക്കുടി, പള്ളിവാസല്‍ പഞ്ചായത്തിലെ വെങ്കായപ്പാറ, മറയൂര്‍ പഞ്ചായത്തിലെ തീര്‍ത്ഥമല,ആലാംപെട്ടി, നെല്ലിപ്പെട്ടി, കരിമുട്ടി, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, ദണ്ഡുകൊമ്പ് എന്നീ പ്രദേശങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെയുള്ള കുടികളില്‍ നിന്ന് നിരക്ഷരരെ കണ്ടെത്തി മുന്നേറ്റം പദ്ധതിയിലൂടെ അവരെ സാക്ഷരരാക്കും. ആഗസ്റ്റ് 31 നകം പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കും. സെപ്റ്റംബറോടെ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.
പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ നാലാംതരത്തിലേക്കും തുടര്‍ന്ന് ഏഴാം തരം, പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലും ചേര്‍ത്ത് തുടര്‍വിദ്യാഭ്യാസം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍,ചൂഷണം, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ കൂടുതല്‍ സാങ്കേതങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
പാമ്പാടുംപാറയില്‍ 'മേരി മാട്ടി മേരാ ദേശ്' കാമ്പയിന്‍
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ മേരി മാട്ടി മേരാ ദേശ്' - 'എന്റെ മണ്ണ് എന്റെ രാജ്യം' കാമ്പയിനിന് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ' ആസാദി കാ അമൃത് മഹോത്സവം' സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിന് 75 വൃക്ഷതൈകള്‍ നട്ടുകൊണ്ടുള്ള അമൃത് വാടിക നിര്‍മ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം കയര്‍ ഭൂവസ്ത്രവും ജലാശയത്തിനരികില്‍ ഒരുക്കിയിട്ടുണ്ട്. മണ്ണിനെ കയര്‍ ഭൂവസ്ത്രം പുതപ്പിച്ച് വൃക്ഷതൈകള്‍, പുല്‍വിത്തുകള്‍ നട്ടുകൊണ്ട് മണ്ണൊലിപ്പ് തടയുന്ന രീതിയാണിത്.
പത്തിനിപാറയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ജലാശയം അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ വൃത്തിയാക്കുകയും ചെക്ക്ഡാം നവീകരിക്കുകയും ചെയ്തിരുന്നു. ഈ ജലാശയത്തിന്റെ സമീപത്താണ് പഞ്ചായത്ത് അമൃത് വാടിക നിര്‍മ്മിക്കുന്നത്. അമൃത് സരോവര്‍ പദ്ധതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ജലാശയങ്ങള്‍ സ്ഥിതിചെയുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മയ്ക്കായി വാടികകള്‍ നിര്‍മ്മിക്കും. നെടുങ്കണ്ടം ബ്ലോക്കില്‍ അമൃത് സരോവര്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് പഞ്ചായത്തുകളില്‍ ഒന്നാണ് പാമ്പാടുംപാറ.
കാഞ്ചിയാറില്‍ ഔഷധ സസ്യത്തോട്ടം
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുളള നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ കട്ടപ്പന റോട്ടറി ക്ലബ് അപ് ടൗണിന്റെ നേതൃത്വത്തില്‍ ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പച്ചക്കറി തോട്ടം - എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു.ആയുഷ് പദ്ധതിയില്‍ പരാമര്‍ശിക്കുന്ന വിവിധ ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍, പച്ചക്കറി തൈകള്‍ എന്നിവയുടെ നടീല്‍ പ്രവര്‍ത്തനങ്ങളും നടത്തി. കട്ടപ്പന റോട്ടറി ക്ലബ് അപ്ടൗണ്‍ പ്രസിഡന്റ് അഭിലാഷ്.എ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുക്കുട്ടന്‍, ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ഷിജി സിബി മാളവന, റോട്ടറി ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ടെസി ജോര്‍ജ് സ്വാഗതവും മിഡ് ലെവല്‍ സര്‍വ്വീസ് നേഴ്‌സ് രാധിക നായര്‍ നന്ദിയും രേഖപ്പെടുത്തി. ആശ പ്രവര്‍ത്തകര്‍, മറ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതായിരുന്നു.
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സ്‌കോഴ്സ് നടത്താന്‍ ന്യൂനപക്ഷ യുവജനക്ഷേമ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ,എയ്ഡഡ്,അഫ്ലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍,മഹല്ല് ജമാഅത്ത്, ചര്‍ച്ച്, ക്ലബ്ബുകള്‍, എന്‍.ജി.ഓ കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ, പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് , ദാ- ഈ - മില്ലത്ത് ബില്‍ഡിംഗ്, തൊടുപുഴ ഈസ്റ്റ് പി. ഒ കാരിക്കോട് പിന്‍ - 685585 എന്ന വിലാസത്തിലോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ് . അവസാന തീയതി ഓഗസ്റ്റ് 21 . അപേക്ഷ ഫോം minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 225227, 9946300053, 8281305711, 9495390108
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം നടത്തി
ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മഞ്ഞപ്പിത്തംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.വിഷ്ണു മോഹന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ഇടുക്കി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മോണ്ടിസോറി ടീച്ചര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416
ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഒഴിവുകള്‍
ആരോഗ്യ വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍സിഐ രജിസ്ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സ് വിഷയത്തില്‍ ബിരുദം, ഡിസിഎ, മലയാളം-ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗ്, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, വോട്ടര്‍ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233030, 04862 226929.
സ്‌പോട്ട് ലേലം
പെരുവന്താനം പഞ്ചായത്തില്‍ മണിമലയാറിന്റെ കൈവഴിയായ ഏകയം തോട്ടില്‍ നിന്ന് നീക്കം ചെയ്ത് സൂക്ഷിച്ചിട്ടുളള 145 ക്യുബിക് മീറ്റര്‍ പാറ അവശിഷ്ടങ്ങള്‍ (റബിള്‍സ്) ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് ഏകയം തോടിന്റെ കരയില്‍ വച്ച് ലേലം ചെയ്യുമെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446123129, 7356135431
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 2023-24 വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 വരെ നീട്ടി. സംസ്ഥാനസര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്.
വാക്ക് ഇന്‍ ഇന്റര്‍വ്യു; കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് നെടുങ്കണ്ടം ബ്ലോക്കിലേക്ക് വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രാത്രികാല സേവനത്തിന് താല്‍പര്യമുള്ള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ബിരുദധാരികള്‍ ആഗസറ്റ് 10 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും നിയമനം.
പത്താം ക്ലാസ് യോഗ്യത, പോസ്റ്റ് ഓഫീസിൽ ജോലി: ഒഴിവുകൾ 30,041, കേരളത്തിലും ഒഴിവ്.
പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 23 ആണ്. മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെടെ പഠിച്ച് പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.