ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്. ഉച്ചക്ക് രണ്ട് മണിയോടെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്യും.അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. പുന്നമട കായലിൽ രാവിലെ 11 മണിയോടെ മത്സരം ആരംഭിക്കും. ഒൻപത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയിൽ മത്സരിക്കുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്കിനെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കോട്ടയത്ത് വെച്ച് ജെയ്കിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഈ വർഷവും കുറഞ്ഞു. ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷത്തേക്കാൾ 10,164 കുട്ടികൾ കുറഞ്ഞു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആകെ 84,000 കുട്ടികൾ കുറഞ്ഞെന്നാണ് കണക്ക്. സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് വിവാദമായിരുന്നു.
കൊണ്ടോട്ടിയിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വാഴയൂർ പുതുക്കോട് പാലക്കോട് മുബാറക്ക് മൻസിൽ മുഹമ്മദ് നിഹാൽ, വാഴയൂർ പുതുക്കോട് താഴത്ത് വീട്ടിൽ അംജദ് എന്നിവരാണ് മരിച്ചത്. കൊങ്ങോട്ടി കൊളത്തൂരിൽ മൂന്നുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്.
കണ്ണൂര്‍ മുഴകുന്ന് പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവര്‍ത്തകനായ വധശ്രമക്കേസ് പ്രതി പിടിയില്‍. പാലപ്പള്ളി സ്വദേശി അനിലാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ചെറുതാഴം സ്വദേശി മധുസൂദനനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ആരോപണത്തെ തുടർന്ന് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കണ്ണൂർ പരിയാരത്തെ പോക്സോ കേസിലാണ് മധുസൂദനന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. ഹര്‍ജിക്കാരനെ ലോകായുക്ത നിശിതമായി വിമര്‍ശിച്ചു. ഹര്‍ജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജിയാണ് വിമര്‍ശനത്തിനിടയാക്കിയത്.
ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്.
വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലിനെതിരായ അവകാശ ലംഘന പ്രമേയത്തില്‍ നാല് എംപിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തെത്തുടര്‍ന്നാണു സസ്പെന്‍ഷന്‍.
ഓണത്തിനു മുന്നോടിയായി ഈ മാസം 18 നു മുമ്പു തന്നെ സപ്ലൈകോയില്‍ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യപിച്ചു ലക്കുകെട്ട് ബൈക്ക് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കാതിരുന്നതിനു മൂന്ന് പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എന്‍ പ്രദീപ്, എം അഫ്‌സല്‍ എന്നിവരേയും സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് പോളിനെയുമാണ് സസ്പെന്‍ഡു ചെയ്തത്.
കര്‍ണാടക തലപ്പാടിയില്‍ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. ടി ഇസ്മായിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. ബിജെപി അംഗം പുഷ്പവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുത്തു.
ദലിത് യുവാവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഷൂ നക്കിച്ച സംഭവത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ്. കോണ്‍ഗ്രസ് എംഎല്‍എ ഗോപാല്‍ മീണയ്ക്കും അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നൈജറില്‍ കലാപം ശക്തമായി. ഇന്ത്യക്കാര്‍ എത്രയും വേഗം സ്വദേശത്തേക്കു മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം. വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചതിനാല്‍ റോഡ്, ട്രെയിന്‍ മാര്‍ഗം മാത്രമേ യാത്ര ചെയ്യാനാകൂ.
ചൈനീസ് നാവികസേന കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്. നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയത്. ഇന്ത്യയുടെ എതിര്‍പ്പ് തള്ളിയാണ് കപ്പലിനു ശ്രീലങ്ക അനുമതി നല്‍കിയത്.
അമേരിക്കയിലെ ഹവായിയിലെ കാട്ടൂതീ ദുരന്തത്തില്‍ ആയിരത്തിലധികം പേരെ കാണാതായി. ആയിരത്തോളം കെട്ടിടങ്ങളാണു കത്തി നശിച്ചത്. മരിച്ചവരുടെ എണ്ണം 56 ആയി. മരണ സംഖ്യ ഇനിയും ഉയരും.