സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കട്ടപ്പനയില്‍ തുടക്കമായി
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുന്ന മലയാളികള്‍ക്ക് ആശ്വാസമായി സപ്ലൈകോ ഓണം ഫെയര്‍ 2023 ന് കട്ടപ്പനയില്‍ തുടക്കമായി. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല ഓണം ഫെയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 19 മുതല്‍ 28 വരെ രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാല വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാണ് സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്റ്റ് 23 മുതല്‍ 28 വരെ താലൂക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.13 ഇനം സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ ഫെയറുകളില്‍ ലഭ്യമാകും. ശീതീകരിച്ച ജര്‍മന്‍ ഹാങ്ങറിലാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
വിലക്കുറവില്‍ ഓണമാഘോഷിക്കാം സപ്ലൈകോയോടൊപ്പം
വമ്പന്‍ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ സപ്ലൈകോ നല്‍കുന്ന വിലക്കുറവിനേക്കാള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സാധങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. റേഷന്‍ കാര്‍ഡുമായി എത്തി ഇവ വാങ്ങാം. സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് നല്‍കുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ട് പൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതു വിപണിയില്‍ നിന്നും അഞ്ച് രൂപ വിലക്കുറവില്‍ അഞ്ച് ഉത്പന്നങ്ങള്‍ പുതിയതായി സപ്ലൈകോ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 1000ല്‍ അധികം ഉല്‍പന്നങ്ങളാണ് ഫെയറിലുള്ളത്. ഹോര്‍ടികോര്‍പ്പിന്റെ പച്ചക്കറി ചന്ത, മില്‍മ സ്റ്റാള്‍ എന്നിവയും ഫെയറിന്റെ ഭാഗമാണ്.
ജില്ലയില്‍ ഇക്കുറി വിതരണം ചെയ്യുക 35,329 സൗജന്യ ഓണകിറ്റുകള്‍
പൊന്നോണ നാളിനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളെപോലെ കരുതലിന്റെ ഭക്ഷ്യ കിറ്റുകള്‍ സൗജന്യ വിതരണത്തിനായി ഒരുക്കി സര്‍ക്കാര്‍. സദ്യയും പായസവും ഒരുക്കി സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള 13 ഇനങ്ങളുണ്ട് ഇക്കുറി ഓണക്കിറ്റില്‍. ഇക്കുറി ജില്ലയില്‍ 35,329 ഓണക്കിറ്റുകളാണ് സൗജന്യ വിതരണത്തിന് എത്തുക. ജില്ലയിലെ എഎവൈ കുടുംബങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഓണത്തിന് സര്‍ക്കാരിന്റെ കരുതല്‍ കിറ്റുകള്‍ ലഭിക്കുക. എഎവൈ കാര്‍ഡുടമകള്‍ക്കായി 34,407 കിറ്റുകളും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 922 കിറ്റുകളുമാണ് വിതരണം ചെയ്യുക. എഎവൈ കാര്‍ഡുടമകള്‍ക്ക് തൊടുപുഴ താലൂക്കില്‍ 7556 കിറ്റുകളും ഇടുക്കി താലൂക്കില്‍ 6583 കിറ്റുകളും പീരുമേട് താലൂക്കില്‍ 4783 കിറ്റുകളും ദേവികുളം താലൂക്കില്‍ 9593 കിറ്റുകളും ഉടുമ്പന്‍ചോലയില്‍ 5892 കിറ്റുകളും വിതരണത്തിന് എത്തും.
ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി തൊടുപുഴയില്‍ 258 കിറ്റുകളും ഇടുക്കിയില്‍ 317 കിറ്റുകളും ദേവികുളത്ത് 178 കിറ്റുകളും ഉടുമ്പന്‍ചോലയില്‍ 96 കിറ്റുകളും പീരുമേട് 73 കിറ്റുകളും വിതരണം ചെയ്യുമെന്ന് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ആര്‍ ജയശ്രീ അറിയിച്ചു.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മികസ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി ഉള്‍പ്പടെ 13 ഇനം സാധനങ്ങള്‍ അടങ്ങുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. സപ്ലേകോയുടെ സഹകരണത്തോടെ റേഷന്‍ കടകള്‍ വഴിയാണ് ഓണകിറ്റുകള്‍ വിതരണം ചെയ്യുക. പാക്കിങ് ജോലികള്‍ പുരോഗമിക്കുകയാണെന്നും 23 ഓടെ വിതരണം തുടങ്ങുമെന്നും സപ്ലൈകോ അധികൃതര്‍ പറഞ്ഞു.
ഗതാഗത നിരോധിച്ചു
തൊടുപുഴ താലൂക്കിലെ പൂത്തോട്, ഇലപ്പിളളി എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അറക്കുളം പഴയപളളി പാലം (സെന്റ്. തോമസ് യു.പി സ്‌കൂളിന് സമീപം) അപകടാവസ്ഥയിലായതിനാല്‍ പ്രസ്തുത പാലത്തിലൂടെ ചെറുവാഹനങ്ങള്‍ ഒഴികെയുളള എല്ലാതരം വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ആകാശവാണി കവിയരങ്ങ്
ഓണത്തോട് അനുബന്ധിച്ച് ആകാശവാണി ദേവികുളം നിലയത്തിന്റെയും ആനച്ചാല്‍ സംസ്‌കാര ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ കവിയരങ്ങ് നടത്തും. ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 10.30 മുതല്‍ ആനച്ചാല്‍ പഞ്ചായത്ത് ഹാളിലാണ് പരിപാടി.
അപേക്ഷകര്‍ ഹാജരാവണം
കരുണാപുരം ഗവ. ഐ.ടി.ഐ യിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന്‍ സിവില്‍ (2 വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(1 വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവരും പ്രവേശനം ലഭിക്കാത്തവരുമായ അപേക്ഷകര്‍ ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ടി സി, ഫീസ് എന്നിവയുമായി ഐ.ടി.ഐയില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9446257417, 8943902890
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തില്‍ പ്രവേശന നിയന്ത്രണം
വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍ തൂക്കുപാലം അപകടാവസ്ഥയില്‍ തുടരുന്നതിനാലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഒരേ സമയം 40 ല്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഓണത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക്് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഓണക്കാലം: മിന്നല്‍ പരിശോധന നടത്തും
ഓണത്തോടനുബന്ധിച്ച് മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ നിയമ പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കറ്റുകളില്‍ വില്‍പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്‍പന നടത്തുക തുടങ്ങിയവ പരിശോധനയില്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കും. ഓണം വരെ പരിശോധന തുടരും. ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. ഹെല്‍പ്പ് ഡെസ്‌ക് തൊടുപുഴ: 04862 222638, എ.സി. തൊടുപുഴ: 8281698053, ഇന്‍സ്പെക്ടര്‍ എഫ്.എസ്: 9188525713, ഇന്‍സ്പെക്ടര്‍-ഇടുക്കി: 9400064084
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഔട്ട്‌സോഴ്‌സ് താല്‍ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേക്കോ താല്‍ക്കാലിക ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. യോഗ്യത ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ) അല്ലെങ്കില്‍ ബി. എസ്. സി. എം. എല്‍. ടി (കെ യു എച്ച് എസ്) പാസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850 രൂപയും പരമാവധി പ്രതിമാസ വേതനം 22,950 രൂപയുമായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.
താത്കാലിക റാങ്ക് ലിസ്റ്റ് പരിശോധിക്കാം
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ 2023-2025 വര്‍ഷത്തെ എ എന്‍ എം കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ച പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറായിട്ടുണ്ട്. അതത് ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ നിന്നോ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ റാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്.
അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.