ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അടിമാലി - മാങ്കുളം മേഖലകളിൽ ശക്തമായ മഴ പെയ്തത്. വൈകുന്നേരം 6 മണിയോടെ കനത്ത മഴയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന അൽമദീന ഹോട്ടലിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഹോട്ടലിന്റെ പിൻവശത്തായി ഉണ്ടായിരുന്ന വലിയ മൺതിട്ടയുടെ ഒരുഭാഗം കനത്ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം 3 ജീവനക്കാർ ഹോട്ടലിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതോടെ ഇവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹോട്ടൽ പിൻഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.
അതേസമയം മാങ്കുളം പാമ്പുകയത്തിന് സമീപം കനത്ത കാറ്റിലും മഴയിലും വീടിൻറെ മേൽക്കൂര പൂർണമായി തകർന്നു. മാങ്കുളം അമ്പലത്തിങ്കൽ ആനന്ദിന്റെ വീടാണ് തകർന്നത്. ഈ വീട്ടിൽ മല്ലികശേരിയിൽ കുര്യാച്ചനും ഭാര്യയും വാടകയ്ക്ക് താമസിക്കുകയായിരുന്നു. കനത്ത മഴയിലും കാറ്റിലും ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടിന്റെ മേൽക്കൂര പറന്നു പോകുകയായിരുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ശക്തമായ മഴയിൽ നശിച്ചു. കുര്യാച്ചനെയും ഭാര്യയെയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.