
മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ മെറ്റാവേഴ്സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) അടച്ചുപൂട്ടിയതോടെ കേരളത്തിൽനിന്ന് ഇതിൽ ചേർന്നവർക്കും വൻ തുക നഷ്ടം. ഇടുക്കി ജില്ലയിൽനിന്നുള്ള നിരവധി പേരാണ് ഇതിൽ തുക നിക്ഷേപിച്ചത്. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും നൈജീരിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും വൻ തുകയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞവർഷം ആദ്യത്തിൽ ഇതിൽ ചേർന്നവർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും അവസാനം ചേർന്ന് പണം നിക്ഷേപിച്ചവർക്കാണ് നഷ്ടം സംഭവിച്ചത്. ഏതൊരു മണി ചെയിൻ ഇടപാടുപോലെതന്നെ വന്‍ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇതിലേക്ക് നിക്ഷേപികരെ ആകർഷിച്ചത്. 26 ഡോളര്‍ മുതൽ 50,001 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിയും വിധമായിരുന്നു എം.ടി.എഫ്.ഇയുടെ പ്രവര്‍ത്തനം.
നിക്ഷേപത്തിന് പുറമെ ചാരിറ്റി പ്രവർത്തനത്തിനും ഫണ്ട് മുൻകൂട്ടി ലഭിക്കുമെന്നത് ആളുകളെ വലിയതോതിൽ സ്വാധീനിച്ചു. ആദ്യമാസങ്ങളില്‍ ലാഭം ലഭിച്ചവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചേർക്കുകയായിരുന്നു. ഇതോടെ എം.ടി.എഫ്.ഇയിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്. പ്രവാസികളിൽ യു.എ.ഇ, സൗദി എന്നിവിടങ്ങളിലുള്ളവരാണ് ഇതിൽ കൂടുതലായി ചേർന്ന മലയാളികൾ. പ്രഫഷനൽ രീതിയോടെയുള്ള പ്രവർത്തനവും നിക്ഷേപകരെ ഏറെ ആകർഷിച്ചു.ഇടുക്കിയിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നിരവധിപ്പേർക്ക് പണം നഷ്ടപ്പെട്ടു. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവർക്ക് പണം നഷ്ടമായതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഞ്ഞിക്കുഴി മേഖലയിൽ നിന്ന് കോടികൾ നിക്ഷേപിച്ചതായാണ് വിവരം. അതേസമയം മണി ചെയിനിലൂടെ പണം നഷ്ടപ്പെട്ട് കഴിഞ്ഞവർക്ക് നിയമപരമായി മുന്നോട്ടുപോകാൻ പ്രയാസമാണ്. വഞ്ചനക്കുറ്റത്തിനുള്ള നടപടി മാത്രമാണ് ഇതിൽ പൊലീസിന് എടുക്കാൻ സാധിക്കുക. എന്നാൽ പണം ലഭിക്കാൻ ഇതിലൂടെ സാധിച്ചെന്നുവരില്ല.
കൂടുതൽ വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.