
രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീത് ആണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്.
Also Read: ഇടുക്കി ചെറുതോണിയിൽ കുപ്രസിദ്ധ മോഷ്ടാവ് പാപ്പി മണിയും ആക്രിവ്യാപാരിയും അറസ്റ്റിൽ.
അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയോടെ വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. വെള്ളച്ചാട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസുകാരനായ പരീത് അപമാനിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി അപമാനിച്ചത്. ഇതോടെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്തെത്തിയിട്ടുണ്ട്. പോലീസുകാർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമംഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും പ്രതി മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവർ പ്രതികരിച്ചത്. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് പൊലീസുകാർ ശ്രമിച്ചത്. പക്ഷെ യുവതികൾ പരാതിയിൽ ഉറച്ചുനിന്നു. രാത്രി തന്നെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.