
തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്തി വന്ന യുവാവ് പിടിയിൽ. തൊടുപുഴ പട്ടയംകവല കണ്ടന്നിൻകര ഹാരിസാണ് (34) പിടിയിലായത്. മുൻപ് എം.ഡി.എം.എ കേസില്‍ പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയത്.
Also Read: ക്ഷേത്രങ്ങളില്‍ പതിവായി മോഷണം; പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചു, അറസ്റ്റ്.
പുതുവര്‍ഷ ആഘോഷത്തിനായി ഇടുക്കി ജില്ലയിലേക്ക് വ്യാപകമായി ലഹരി വസ്തുക്കള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കഞ്ചാവ്, 35000 രൂപ, മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പായ്ക്ക് ചെയ്യുവാനുള്ള കവറുകള്‍, ഇലക്‌ട്രോണിക് ത്രാസ്, മൊബൈല്‍ ഫോണുകള്‍, എ.ടി.എം കാര്‍ഡുകള്‍, എന്നിവ പൊലീസ് കണ്ടെടുത്തു.
ദിവസങ്ങളായി ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് ഇയാള്‍ കച്ചവടം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടല്‍ മുറിക്കുള്ളിലെ ജനല്‍ കമ്ബികള്‍ ഒരാള്‍ക്ക് കടന്ന് പോകാനാവും വിധം മുറിച്ച് മാറ്റിയ നിലയിലായിരുന്നെന്നും ഇത് രക്ഷപെടാനായി ഹാരിസ് തന്നെ മുറിച്ച് മാറ്റിയതാണോയെന്ന് സംശയമുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ഇയ്യാള്‍ പതിവായി ഇതേ മുറി തന്നെയാണ് എടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2022ലും സമാനമായ കേസില്‍ ഹാരിസിനെ സ്വന്തം വീട്ടില്‍ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ഇയാളില്‍ നിന്നും 29.5 ഗ്രാം എം.ഡി.എം.എയും 235 ഗ്രാം കഞ്ചാവും എട്ട് ലക്ഷം രൂപയുമാണ് പൊലീസ് പിടികൂടിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും മയക്ക് മരുന്ന് വില്പന നടത്തിയത്. ഇടുക്കി ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ഷംസുദ്ദീൻ, എസ്.സി.പി.ഓ ഹരീഷ് ബാബു, തൊടുപുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടര്‍മാരായ അജയകുമാര്‍, ദിനേശ്, എസ്.സി.പി.ഓ വിജയാനന്ദ്, സി.പി.ഓ രാജീവ്, അമല്‍, ജോബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






