
ഇടുക്കി ശാന്തൻപാറയിൽ വന്യമൃഗത്തെ വോട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്ത കേസിൽ 7 പേർ പിടിയില്‍. ശാന്തമ്പാറ ജി എ പ്ലാന്‍റേഷനിലെ ജീവനക്കാരേയും ഇവിടെ അഥിതികളായി എത്തിയവരുമുൾപ്പെടെ ഏഴുപേരെയാണ് വനം വകുപ്പ് പിടികൂടിയത്. പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജ്ജിന്‍റെ ഭാര്യ ബീന, ശാന്തൻപാറ ചേരിയാര്‍ പുത്തന്‍വീട്ടില്‍ വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ ചിറക്കളം പുതുവേല്‍ മനോജ്, തിരുവന്തപുരം സ്വദേശി അസ്മുദീന്‍ എച്ച്, പത്തനംതിട്ട തുരുവല്ല സ്വദേശി പഞ്ചായത്ത്മഠത്തില്‍ രമേശ്കുമാര്‍, തിരുവനന്തപുരം സ്വദേശികളായ അസം റസൂല്‍ഖാന്‍, ഇറര്‍ഷാദ് കെ എം എന്നിവരാണ് പിടിയിലായത്.
ശാന്തമ്പാറയിലെ എസ്റ്റേറ്റില്‍ നിന്നും മുള്ളന്‍പന്നിയെ വേട്ടയാടി കറിവയ്ക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഥിതികളായിട്ടെത്തിയവര്‍ എസ്റ്റേറ്റില്‍ നിന്നും മടങ്ങുമ്പോള്‍ കറിവെച്ച ഇറച്ചി വാഹനത്തിൽ കൊണ്ടുപോവുകയുമായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തലക്കോട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. തുടർന്ന് എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും അവശിഷ്ടങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
മുഖ്യപ്രതികളായ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായും വെടിവെക്കാൻ ഉപയോഗിച്ച തോക്കിനായും അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വ്യാപകമായി മൃഗ വേട്ട നടത്തിയിട്ടുണ്ടോ എന്നും മറ്റ് നായാട്ടു സംഘങ്ങള്‍ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വനം വകുപ്പ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






