
അടിമാലി- കുമളി ദേശീയപാതയിൽ തടിയമ്പാടിന് സമീപം അശോകക്കവലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാൻ നടപടിയായി. ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ദിനംപ്രതി ഇവിടെ പാഴായിക്കൊണ്ടിരുന്നത്. കരിമ്പൻ കുട്ടപ്പൻസിറ്റി സ്വദേശിയായ കോച്ചേരിക്കുടിയിൽ ജോളി വേറിട്ട ഒറ്റയാൾ പ്രതിഷേധവുമായി ഇന്ന് രംഗത്തെത്തിയിരുന്നു. തുടർന്ന് ഒറ്റയാൾ പ്രതിഷേധം ഹോണസ്റ്റി ന്യൂസ് വർത്തയാക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തകരാർ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേതുടർന്ന് വാട്ടർ അതോറിറ്റി പൈനാവ് സെക്ഷൻ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ സ്ഥലത്ത് എത്തി. നാളെ രാവിലെ മുതൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് രണ്ടുദിവസത്തിനകം തകരാർ പൂർണമായി പരിഹരിച്ച് ദേശീയപാതയിലൂടെയുള്ള സഞ്ചാരം സുഗമമാക്കുമെന്നും രേഖാമൂലം ഉറപ്പ് നൽകി. ഇതോടെ ഒറ്റയാൾ പ്രതിഷേധം അവസാനിപ്പിച്ച് ജോളി മടങ്ങി.
രണ്ടുമാസക്കാലമായി പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം ദിനംപ്രതി പാഴാവുകയായിരുന്നു. ജനപ്രതിനിധിയും നാട്ടുകാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. വാട്ടർ അതോറിറ്റിയുടെ നിരന്തരമായ അനാസ്ഥമൂലം വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ളം തുടർച്ചയായി മുടങ്ങുന്നുണ്ടെന്നാണ് ആക്ഷേപം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






