
ജഡ്ജിയായി ആള്‍മാറാട്ടം നടത്തി ക്രിമിനലുകളെ വിട്ടയച്ച തട്ടിപ്പുകേസ് പ്രതി ധനിറാം മിത്തല്‍ അന്തരിച്ചു. തട്ടിപ്പുകളുടെ എണ്ണത്തിലും തട്ടിപ്പ് നടത്തുന്നതിലുള്ള വൈദഗ്ധ്യവും കാരണം പോലീസ് രേഖകളില്‍ 'ഇന്ത്യൻ ചാള്‍സ് ശോഭരാജ്' എന്നായിരുന്നു ധനിറാം അറിയപ്പെട്ടിരുന്നത്. 85-കാരനായ ധനിറാം ഹൃദയാഘാതത്തെ തുടർന്ന് ഏപ്രില്‍ 18നാണ് മരിച്ചത്.
Also Read: കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ അതിക്രമം: ഇടുക്കി സ്വദേശി അറസ്റ്റിൽ.
നിയമ ബിരുദധാരിയായ ധനിറാം ഇന്ത്യയിലെ തന്നെ വിവരവും വിദ്യാഭ്യാസവുമുള്ള കുറ്റവാളികളില്‍ ഒരാളാണ്. കൂടാതെ ഒരു കയ്യെഴുത്ത് വിദഗ്ധനും ഗ്രാഫോളോജിസ്റ്റും കൂടിയാണ്. കഴിഞ്ഞ മാസം ഒരു കാര്‍ മോഷണവുമായി ബന്ധപ്പെട്ട് മിത്തല്‍ അറസ്റ്റിലായിരുന്നു. മോഷണം നടത്തുന്നതില്‍ ധനിറാമിന് പ്രായം ഒരു തടസ്സമായിരുന്നില്ല. കാറുകളോട് വല്ലാത്തൊരു ഭ്രമമുണ്ടായിരുന്ന ധനിറാം ആയിരത്തോളം കാർ മോഷണ കേസുകളിലെ പ്രതിയാണ്.
വിവിധ അഭിഭാഷകർക്കിടയില്‍ ഗുമസ്തനായി ജോലിചെയ്ത ഇയാള്‍ തട്ടിപ്പിലൂടെത്തന്നെ സ്റ്റേഷൻ മാസ്റ്ററായി ആറുവർഷക്കാലം ജോലിനോക്കി. വ്യാജ ലൈസൻസുകള്‍ നിർമ്മിച്ച് വില്‍ക്കുകയും ചെയ്തു. ഈ കുറ്റകൃത്യങ്ങള്‍ക്കെല്ലാം ധനിറാമിന് നീണ്ട ജയില്‍ ശിക്ഷകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. ജഡ്ജിയായി ആള്‍മാറാട്ടം നടത്തിയതാണ് ധനിറാമിന്റെ മറ്റൊരു വലിയ തട്ടിപ്പ്. ജജ്ജാര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ വ്യാജ ഉത്തരവുണ്ടാക്കി രണ്ടു മാസത്തെ നിര്‍ബന്ധിത അവധിക്ക് അയച്ചു. ശേഷം മിത്തല്‍ അവിടെ മജിസ്‌ട്രേറ്റായി. മജിസ്‌ട്രേറ്റായതിനു പിന്നാലെ 2000 ത്തോളം തടവുകാരെ മോചിപ്പിച്ചു.
നീണ്ടകാലത്തെ തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന തടവുകാരെയായിരുന്നു വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. മോഷണം. തട്ടിപ്പ്, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങി ആയിരത്തിന് മുകളില്‍ കേസുകളില്‍ മിത്തല്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അവസാനമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നപ്പോള്‍ തനിക്ക് ജയില്‍വാസം മടുത്തുവെന്ന് ധനിറാം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തന്നെ ധനിറാം പക്ഷാഘാതം വന്നു കിടപ്പിലായി.