HONESTY NEWS ADS

കണ്ണീരണിഞ്ഞ് ഒരു നാട്, ഷീബയുടെ പോസ്റ്റ്മോ‍ർട്ടം ഇന്ന്; ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ പ്രതിഷേധം ശക്തമായി

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്.

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. ആശാരിക്കണ്ടം സ്വദേശി ആനിക്കുന്നേൽ ദിലീപിന്‍റെ ഭാര്യ ഷീബയാണ് മരണത്തിന് കീഴടങ്ങിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നെടുങ്കണ്ടത്ത് എത്തിക്കും. ബാങ്ക് നടപടിക്കെതിരെ ഡിവൈഎഫ്ഐയും എസ്എൻഡിപി യോഗവും ഇന്ന് പ്രതിഷേധം നടത്തും.

മൃതദേഹവുമായി ബാങ്കിലേക്ക് മാർച്ച് നടത്താനാണ് എസ്എൻഡിപിയുടെ തീരുമാനം. മുൻ ഉടമയിൽ നിന്നും വായ്പ നിലനിർത്തിയാണ് ഷീബയും കുടുംബവും സ്ഥലവും വീടും വാങ്ങിയത്. തിരച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് കോടതി അനുമതിയോടെ ജപ്തി നടത്താനെത്തിയത്. ഷീബയുടെയും കുടുംബത്തിന്‍റെയും പേരിൽ വായ്പ നൽകിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, ഷീബയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും പൊള്ളലേറ്റിരുന്നു.

നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബിനോയ്ക്കും വനിതാ സിവിൽ പൊലീസ് ഓഫീസർ അമ്പിളിക്കുമാണ് പൊള്ളലേറ്റിട്ടുള്ളത്. ഇവരും ചികിത്സയിലാണ്. ആശാരിക്കണ്ടത്ത് പതിനഞ്ച് സെന്‍റ് സ്ഥലവും വീടും ഷീബയും ഭർത്താവ് ദിലീപും 2019ൽ വാങ്ങിയതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നിലനിർത്തിയാണ് ഇത് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടശിക 36 ലക്ഷമായി. ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. 

കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായതിനെ തുടർന്ന് അടുത്തിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ജപ്തി മാറ്റിവച്ചിരുന്നു. രണ്ടാമത് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഷീബ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS