
വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത ലഹരി മരുന്നായ എംഡിഎംഎയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുതലക്കോടം പഴുക്കാകുളം സ്വദേശി ചെമ്പരത്തിക്കല്‍ വീട്ടില്‍ ചെല്ലപ്പൻ എന്ന് വിളിക്കുന്ന ആല്‍ബിൻ ജോസഫി(23) നെയാണ് പോലീസ് പിടി കൂടിയത്.
പ്രതിയുടെ പക്കല്‍നിന്ന് 105 ഗ്രാം എംഡിഎംഎ, 700ഗ്രാം കഞ്ചാവ്, 45 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗർ എന്നിവയും 29,500 രൂപയും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇടുക്കി ഡാൻസാഫ് ടീമും തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡും ചേർന്നാണ് വീട് റെയ്ഡ് ചെയ്ത് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
കോളജ് വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ആല്‍ബിൻ എന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് കിടപ്പു മുറിയില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്.
ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍, കുപ്പികള്‍, ഇതു തൂക്കാനുള്ള ചെറിയ ത്രാസ്, പായ്ക്ക് ചെയ്യാനുള്ള ചെറിയ കൂടുകള്‍ തുടങ്ങിയവയും പിടികൂടി. ഇയാളുടെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച് ലഹരി സംഘത്തിലെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.