ഇടുക്കി കഞ്ഞിക്കുഴിയിൽ തെങ്ങിൻ മുകളിൽ കുടുങ്ങിയ വയോധികൻ മരണപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി ചുരുളിപതാൽ സ്വദേശി ഗോപി (65) യാണ് മരണപ്പെട്ടത്. മരം വെട്ട് തൊഴിലാളിയായ ഗോപി സമീപത്തെ പുരയിടത്തിൽ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ജോലിക്കിടെ തെങ്ങിൻ മുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
Also Read: ഇന്നും ചൂട് കൂടും; സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.
അതുവഴി കടന്നുപോയ സമീപവാസിയായ മറ്റൊരാൾ തെങ്ങിൽ നിന്നും കയർ താഴേക്ക് കിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവശനിലയിൽ ഗോപി തെങ്ങിൻ മുകളിൽ ഇരിക്കുന്നതായി കണ്ടത്. തുടർന്ന് സ്ഥലമുടമയേയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. കഞ്ഞിക്കുഴി പോലീസും ഇടുക്കിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി ഏറെ സാഹസികമായി ഗോപിയെ താഴെയിറക്കി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ്ജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.