
നീണ്ട 31 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിടയിറങ്ങി എസ് ഐ സജിമോന്‍ ജോസഫ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം വി ആര്‍ എസ് എടുത്ത് സ്വയം സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു. 1993 ഫെബ്രുവരി ഒന്നിന് കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ സജിമോന്‍ ജോസഫ് (54) തന്റെ ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചത്. 31 വർഷം പിന്നിടുമ്പോൾ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിട്ടാണ് സേവനം അവസാനിപ്പിച്ചത്.
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിലെ അംഗമായിരുന്നു സജി. മോഷണ കേസുകളായിരുന്നു കൂടുതലായും കൈകാര്യം ചെയ്തിരുന്നത്. കേരളത്തിലെ പ്രമാദമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കുകയും നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കുകയും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഇദ്ദേഹം 2014ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ നേടുകയും നിരവധി തവണ ബാഡ്ജ് ഓഫ് ഓണര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
2011 ല്‍ ശാസ്താംമല മേപ്പാറയില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച കേസ് വളരെ തന്ത്രപൂര്‍വമാണ് സജിമോന്‍ അടങ്ങിയ സംഘം തെളിയിച്ചത്. ഒരു കൊച്ചു കുട്ടിയില്‍ നിന്നാണ് അദ്ദേഹം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. വണ്ടന്‍മേട്ടില്‍ പതിനാറുകാരിയെ സഹോദരിയുടെ ഭര്‍ത്താവ് കടത്തികൊണ്ട് പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പുരോഹിതന്റെ വേഷമണിഞ്ഞായിരുന്നു സജിമോന്‍ പ്രതിയെ പിടികൂടിയത്.
2010 ല്‍ വണ്ടിപ്പെരിയാറില്‍ നടന്ന മോഷണ പരമ്പര കേസില്‍ സജിമോനും സംഘവുമായിരുന്നു പ്രതിയെ പിടികൂടിയത്. മൊബൈല്‍ കടയില്‍ നിന്നും മോഷണം പോയ ഫോണിലെ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് ഇവര്‍ പ്രതികള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പട്ടുമലയിലെ എസ്റ്റേറ്റ് വീട്ടിലെത്തി കേന്ദ്ര ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വളരെ തന്ത്രപൂര്‍വമാണ് പ്രതികളെ നാട്ടിലെത്തിച്ച് പിടികൂടിയത്.
ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി 30 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയും ഇത്തരത്തില്‍ തന്ത്രപൂര്‍വ്വമായാണ് സജിയും സംഘവും പിടികൂടിയത്. 2017ല്‍ നോട്ട് നിരോധനത്തിന് ശേഷം ഇടുക്കിയില്‍ പിടികൂടിയ ഏറ്റവും വലിയ കള്ളനോട്ട് കേസില്‍ തുമ്പുണ്ടാക്കിയതും സജിമോനും സംഘവുമായിരുന്നു. 2017ല്‍ നടന്ന ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയിലും സമൂഹത്തില്‍ ഉന്നതര്‍ പ്രതി പട്ടികയില്‍ വന്നിട്ടും പ്രതികളെ പതറാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിലും സജിമോന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിശ്ചയദാര്‍ഢ്യം എടുത്ത് പറയേണ്ടതാണ്. ഭാര്യ അജിയും മക്കളായ അലീന, അഖില്‍ എന്നിവരടങ്ങുന്നതാണ് സജിയുടെ കുടുംബം.




