
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘം സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നടത്തുന്ന ഗുണ്ടാ അക്രമങ്ങളെത്തുടര്‍ന്ന് നഷ്ടമായത് ഒരു കുടുംബത്തിന്‍റെ ഏക ആശ്രയമായ ഗൃഹനാഥന്‍റെ ജീവന്‍. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡില്‍ നടന്ന സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇടവെട്ടി സ്വദേശി ആനകെട്ടിപ്പറമ്പില്‍ സക്കീറി (52)ന്‍റെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു സക്കീര്‍.
കഴിഞ്ഞ 23ന് ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡില്‍ വച്ച് ബസ് പുറപ്പെടുന്ന സമയക്രമത്തിന്‍റെ പേരിലാണ് സക്കീറിനെ മറ്റൊരു ബസ് ഉടമയും മക്കളും സഹോദരനും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം ആക്രമിച്ചത്. ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പില്‍ ബസുകളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്. സെക്കന്‍ഡുകളുടെ സമയ വ്യത്യാസം ഉണ്ടായെന്ന് പറഞ്ഞാണ് ആനകെട്ടിപ്പറമ്പില്‍ ബസിലെ ഡ്രൈവറായ സക്കീറിനെ അമ്മാസ് ബസ് ഉടമയും സംഘവും ചേര്‍ന്ന് ആക്രമിച്ചത്.
സക്കീറിനെ ഇവര്‍ രണ്ടുവട്ടം ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെ തലയ്ക്ക് അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ സക്കീറിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ നടന്നത്. ജീവിതത്തിലേക്കു മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മരണം.
വാടകവീട്ടില്‍ കഴിയുന്ന സക്കീറിന്‍റെ മരണം നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായി. ഭാര്യ നസീറ രോഗബാധിതയായി വര്‍ഷങ്ങളായി ചികിത്സയിലാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സക്കീറിന്‍റെ ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഇദ്ദേഹത്തിന്‍റെ മരണത്തോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി.




