
പൈനാവ് 56 കോളനിയിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി തമ്പി ((59) മരിച്ചു. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ ഏഴരയോടെ മരണപ്പെട്ടത്. ആക്രമണത്തിൽ അന്നക്കുട്ടിയുടെ കൊച്ചുമകള്‍ ലിയ (3) ചികിത്സയിൽ തുടരുകയാണ്. കേസിൽ പ്രതിയായ കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ 5 -ന് ഉച്ചകഴിഞ്ഞാണ് മരുമകൻ്റെ ആക്രമണമുണ്ടായത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിലിരിക്കേ വീണ്ടുമെത്തി വീടുകൾക്ക് തീയിട്ടിരുന്നു. അതിന് ശേഷം ബൈക്കിൽ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനെ ബോഡിമെട്ട് ചെക്കു പോസ്റ്റിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.