
ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം, ജാതി സർട്ടിഫിക്കറ്റ് നൽകാത്ത സർക്കാർ നടപടയിൽ പ്രതിക്ഷേധിച്ച് ഊരുകൂട്ട ഏകോപന സമിതി കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ധർണ നടത്തി. ധർണ എസ്റ്റി ചെയർമാൻ സുകുമാരൻ പി.കെ. ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ വിഭാഗങ്ങൾക്ക് 1964 ചട്ടപ്രകാരമുള്ള പട്ടയം ഇടുക്കി താലൂക്കിലും മറ്റു താലൂക്കുകളിലും നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ്.
കോടതിവിധിയുടെ പശ്ചാത്ത ലത്തിൽ 1973ൽ വനംവകുപ്പ് ഗോത്ര ആവാസ കേന്ദ്രങ്ങൾ റവന്യു ഭൂമിയാക്കി പട്ടയം നൽകുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിരുന്നു. ഈ ഉത്തരവിൻ്റെ മുൻകാല പ്രാബല്യം കണക്കിലെടുത്താണ് പട്ടയം നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2020- ൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ, വനം, പട്ടി കവർഗ വകുപ്പ്, വൈദ്യുതി മന്ത്രിമാരും മുൻ ചീഫ് സെക്രട്ടറിയും ഫോറസ്റ്റ് ചീഫ് കൺസർവേറ്ററും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് സർക്കാർ പട്ടയം നൽകാൻ തീരുമാനമെടുത്തത്. ലാൻഡ് അസൈൻമെന്റ്റ് കമ്മിറ്റി ചേർന്ന് പാസാക്കിയ ആയിരത്തിലേറെപ്പേരുടെ പട്ടയങ്ങളാണ് കളക്ടർ തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇതുവിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ഊരുകൂട്ട സമിതി വ്യക്തമാക്കി.
ജില്ലയിലെ ആദിവാസി മേഖലകളിൽ വിതരണം ചെയ്‌ത ആദിവാസി ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച ഗോത്രവർഗക്കാർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യം സംബന്ധിച്ച് റിട്ട.ജ ഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും വെള്ളിയാമറ്റം, ഉടുമ്പന്നൂർ, വണ്ണപ്പുറം പ്രദേശങ്ങളിലെ ചികിൽസ തേടിയവർക്ക് അടിയന്തരമായ സാമ്പത്തികസഹായം നൽകണമെന്നും ഗുണനിലവാരം ഇല്ലാത്ത ഉത്പ്പന്നങ്ങൾ വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു. പഴയരികണ്ടം ഊരു മൂപ്പൻ തങ്കപ്പൻ അദ്ധ്യക്ഷനായിരുന്ന ധർണക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കീരിത്തോട് ഊരു മൂപ്പൻ വി.എം വിൻസെൻ്റ് , വിവിധ നഗറിലെ കൃഷ്ണകുമാർ തടത്തിൽ, ഗോപി അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.