
ഇടുക്കി അടിമാലിക്ക് സമീപം പീച്ചാട് മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി സ്വദേശി ശാന്ത(80)യാണ് മരണപ്പെട്ടത്. പീച്ചാട് കൈനഗിരി ഏലത്തോട്ടത്തില്‍ ജോലിക്കിടെ ആയിരുന്നു അപകടം.
പ്രദേശത്ത് ഇന്ന് കനത്ത കാറ്റും മഴയും ആയിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ മരം ഒടിഞ്ഞുവീണത്. മരം വീഴുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടിമാറിയെങ്കിലും ശാന്തയ്ക്ക് ഓടിമാറാൻ കഴിഞ്ഞില്ല. പരിക്കേറ്റ ശാന്തയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
