
എസ്.സി, എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകൾ.
സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആർമിയും വിവിധ ദലിത്-ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദലിത് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം.സി.എഫ്., വിടുതലൈ ചിരിതൈഗൾ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.