
ഇടുക്കി കാഞ്ഞാറിൽ ചേലാകർമ്മത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം പേരാമംഗലം സ്വദേശി ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്.
കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. 2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചർമം നീക്കിയതിനെത്തുടർന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. എന്നാൽ ചികിത്സയിൽ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലിന് വൈകീട്ട് ഏഴോടെ കുഞ്ഞ് മരിച്ചു.
അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായത്. അമിത രക്തസ്രാവവും അണുബാധയുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.