
മൂന്നാറിന് സമീപം പോതമേട്ടിൽ നിന്നും ആനക്കൊമ്പുകളുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലായി. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. പോതമേട് സ്വദേശികളായ സിഞ്ചുകുട്ടൻ, മണി എന്നിവരാണ് അറസ്റ്റിലായത്.
വിൽപ്പനക്കായി എത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെത്തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പോതമേട്ടിലുള്ള പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും രണ്ട് കിലോയിൽ അധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുടെ ഭാഗങ്ങൾ കണ്ടെത്തിയതായി വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളെ ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ച് വരികയാണ്.