HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മുല്ലപ്പെരിയാർ വിഷയം; കേരളത്തിനെതിരെ തമിഴ്‌നാട് നൽകിയ ഹർജിയിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം കേരളം നിർമ്മിക്കുന്ന മെഗാ കാർ പാർക്കിംഗ് പദ്ധതി ചോദ്യം ചെയ്ത് തമിഴ്നാട് നൽകിയ ഹർജിയിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം കേരളം നിർമ്മിക്കുന്ന മെഗാ കാർ പാർക്കിംഗ് പദ്ധതി ചോദ്യം ചെയ്ത് തമിഴ്നാട് നൽകിയ ഹർജിയിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. ഹർജിയിൽ സുപ്രീം കോടതി സെപ്റ്റംബർ 30ന് വാദം കേൾക്കും. 1886ലെ പാട്ടക്കരാർ അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഉടമസ്ഥാവകാശം തമിഴ്നാടിന് ഉണ്ടോ എന്നും സുപ്രീം കോടതി പരിശോധിക്കും. കേരളത്തിൻ്റെ മെഗാ കാർ പാർക്കിംഗ് പദ്ധതി തമിഴ്നാടിൻ്റെ അവകാശങ്ങളെ ഹനിക്കുന്നതാണോ എന്നതും പരിശോധിക്കും. ജസ്റ്റിസ് അഭയ് എസ് ഓകയും എജി മാസിഷുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.


കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ധാരണ പ്രകാരം പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരമുള്ള വസ്തുക്കളുടെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയ്ക്ക് 2023 നവംബറില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിൻ്റെ മെഗാ കാര്‍ പാര്‍ക്ക് പദ്ധതിക്കായി പാട്ടക്കരാര്‍ പ്രകാരമുള്ള വസ്തുക്കളുടെ ഏതെങ്കിലും ഭാഗം കൈയേറിയോ എന്നതായിരുന്നു സര്‍വേയിലൂടെ ഉത്തരം കണ്ടെത്തേണ്ടിയിരുന്ന നിര്‍ണായക ചോദ്യം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ 2024 മാര്‍ച്ച് 5-ന് കോടതിയിൽ സമര്‍പ്പിച്ചിരുന്നു. ഇത് കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിൻ്റെ മെഗാ കാര്‍ പാര്‍ക്ക് പദ്ധതി പാട്ടത്തിന് കൊടുത്ത സ്ഥലത്തല്ലെന്നായിരുന്നു കണ്ടെത്തല്‍. ഈ കണ്ടെത്തലിനെതിരെ തമിഴ്നാട് എതിര്‍പ്പ് ഉന്നയിച്ചു. ഇതാണ് നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഈ കേസ് കോടതി ലിസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കത്.


പടിഞ്ഞാറോട്ടൊഴുകുന്ന പെരിയാർ നദിയിലെ ജലം അന്നത്തെ മദ്രാസ് പ്രസിഡൻ്റ്സിയുടെ വരണ്ട പ്രദേശങ്ങളിലേക്ക് തിരിച്ചു വിടുന്നതിനായി 1887 നും 1895 നും ഇടയിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. 1886 ഒക്ടോബർ 29-നാണ് തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറിയും പെരിയാർ ജലസേചന പ്രവർത്തനങ്ങൾക്കായി 999 വർഷത്തേക്കുള്ള പാട്ടക്കരാർ ഒപ്പുവെയ്ക്കുന്നത്.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1970-ൽ ഈ കരാർ തമിഴ്‌നാട്- കേരള സംസ്ഥാനങ്ങൾ പുതുക്കി എഴുതി. അണക്കെട്ടുമായി ബന്ധപ്പെട്ട ഭൂമിയുടെയും വെള്ളത്തിൻ്റെയും മേൽ തമിഴ്‌നാടിന് അവകാശം നൽകുകയും ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കാനുള്ള അധികാരം കേരളത്തിന് നൽകുകയും ചെയ്യുന്നതായിരുന്നു ഈ കരാർ. 2014-ലാണ് മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് കേരളം മെഗാ കാർ പാർക്ക് നിർമ്മിക്കുന്നതിനെതിരെ തമിഴ്‌നാട് കേസ് ഫയൽ ചെയ്തത്. പാട്ടത്തിന് നൽകിയ സ്ഥലം കേരളം കൈയേറാൻ ശ്രമിക്കുന്നത് തടയണമെന്നതായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA