
വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വാത്തിക്കുടി പഞ്ചായത്തിൽ വെള്ളിയാഴ്ച ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെ ജനകീയ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ. എ അലി, ഇ. എൻ ചന്ദ്രൻ ,ഷൈൻ കല്ലേക്കുളം, എം .കെ പ്രിയൻ, ജോർജ് അമ്പഴം തുടങ്ങിയവർ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി വി. ജെ ജോജോയും, പൊതുപ്രവർത്തകൻ അഡ്വ. കെ കെ .മനോജുമായുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊതുപ്രവർത്തകനും മുൻ എസ് സി എസ് ടി കമ്മീഷൻ അംഗവുമായ അഡ്വ. കെ കെ മനോജിന്റെ മാതാവിന്റെ പേരിൽ അനുവദിച്ച വീടിൻറെ എഗ്രിമെന്റ് വയ്ക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി വി. ജെ ജോജോയുമായി വാക്കുതർക്കമുണ്ടായത്. എഗ്രിമെൻ്റ് ഒപ്പിടുന്നതിന് ആവശ്യമായ രേഖകൾ പര്യാപ്തമല്ലന്നും എഗ്രിമെന്റ് വയ്ക്കാൻ കഴിയില്ലെന്നും സെക്രട്ടറി വി. ജെ ജോജോ മനോജിനേയും, മാതാവിനേയും അറിയിച്ചതോടെയാണ് സംഘർഷമുണ്ടായത്.