പിവി അൻവറിനെതിരെ പൊലീസ് കേസ്; 'ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി'

ALLEN HABOUR

സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തിയ പി വി അൻവർ എം എൽ എയ്ക്കെതിരെ പൊലീസ് കേസെടുത്തു. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്. സിപിഎമ്മും സർക്കാരുമായി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി.


പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി പിവി അൻവർ ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.  ഇക്കാര്യം ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തിയ പ്രതി പൊതുജനങ്ങൾക്കിടയിൽ പകയും ഭീതിയും ഉണ്ടാക്കി കലാപമുണ്ടാക്കാനും ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 192ാം വകുപ്പുപ്രകാരമാണ് കേസ്.


കേസിന്‍റെ തുടർ നടപടികളും ഇനി നിർണായകമാണ്. നോട്ടീസ് നൽകി പിവി അൻവറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടിവരും. കേസിനെതിരെ അൻവർ കോടതിയെ സമീപിച്ചാലും വാർത്താ സമ്മേളനത്തിലടക്കം അൻവർ നടത്തിയ അവകാശവാദങ്ങൾ മുൻനിർത്തിയാകും സർക്കാർ നീക്കം.  സൈബര്‍ കുറ്റകൃത്യത്തിന്‍റെ പരിധിയിലാണ് കേസ് വരുന്നത്. അൻവറും സിപിഎമ്മും തമ്മിലുള്ള പോരിൽ നിര്‍ണായകമാകുകയാണ് ഫോണ്‍ ചോര്‍ത്തൽ കേസ്. 


പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അൻവറിനെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുക്കുന്നത്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS