ഇടുക്കി ജില്ലാ ആസ്‌ഥാന മേഖലയായ മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തവും എലിപ്പനി ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളും പടര്‍ന്നുപിടിച്ചിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രതിരോധ നടപടികള്‍ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.
മരിയാപുരം പഞ്ചായത്തില്‍ മാത്രം കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ മൂന്നുപേര്‍ മഞ്ഞപ്പിത്തവും, എലിപ്പനിയും മൂലം മരണപ്പെട്ടു. നിലവില്‍ പല വീടുകളിലും ഒന്നിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. തടിയമ്ബാട് കേന്ദ്രീകരിച്ച് പല ഓട്ടോ ടാക്‌സി തൊഴിലാളികളും, ചെറുതോണി ടൗണിനു സമീപമുള്ള കോളനിയിലെ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്‌്. രണ്ടാഴ്‌ചമുമ്ബ് എന്‍ജിനീയറിംഗ് കോളജിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വീടുകളിലേക്ക് മാറ്റുകയും കോളജിന് താല്‍കാലിക അവധിയും നല്‍കിയിരുന്നു.
ഒന്നരമാസം മുന്‍പ് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞിരുന്നു. മരിയാപുരം ആരോഗ്യ കേന്ദ്രത്തിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ച വിമലഗിരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞു. അഞ്ച് ദിവസം മുന്‍പ് ഉപ്പുതോട് സ്വദേശിനിയായ വീട്ടമ്മ എലിപ്പനി മൂലവും മരണമടഞ്ഞു. പതിനാറാംകണ്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നാല് ദിവസത്തോളം ചികിത്സ തേടിയിരുന്ന ഇവര്‍ രോഗം കുറയാതെ വന്നതോടെ കരിമ്ബനിലെ സ്വകാര്യ ആശുപത്രിയെയും ആശ്രയിച്ചിരുന്നു.
രണ്ടിടത്തും ലാബ് ടെസ്‌റ്റുകള്‍പോലും നടത്തി രോഗം കണ്ടെത്താതെയാണ് നാലുദിവസത്തിനുശേഷം മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം വീട്ടമ്മ മരണപ്പെടുകയായിരുന്നു. പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളുടെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നിഷ്‌ക്രിയത മൂലം പല നിര്‍ധന കുടുംബങ്ങളുടെയും ഏക ആശ്രയമായവരാണ് മരണത്തിനു കീഴടങ്ങിയത്. ജില്ലാ ആസ്‌ഥാന മേഖലയില്‍ ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, ജില്ലാ ആരോഗ്യ വകുപ്പും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.