
ഇടുക്കി മാട്ടുപെട്ടിയില്‍ സീ പ്ലെയിൻ ഇറങ്ങുന്നത് കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസം സൃഷ്ടിയ്ക്കുമെന്ന് ചൂണ്ടികാട്ടി ഇടുക്കി ജില്ലാ കളക്ടർക്ക് വനം വകുപ്പ് കത്ത് അയച്ചു. മൂന്നാർ ഡിഎഫ്‌ഓ ആണ് കത്ത് അയച്ചിരിയ്ക്കുന്നത്.
മാട്ടുപെട്ടിയില്‍ സീ പ്ലെയിൻ പദ്ധതിയുടെ ട്രയല്‍ റണ്ണിന് മുൻപാണ് ആശങ്കകള്‍ സൂചിപ്പിച്ച് മൂന്നാർ ഡി എഫ് ഓ ഇടുക്കി ജില്ലാ കളക്ടർക്ക് കത്ത് അയച്ചിരിയ്ക്കുന്നത്. ആനുമുടി ഷോല, പാമ്ബാടുംഷോല, ഉദ്യാനങ്ങളോടും കുറിഞ്ഞി മല സാങ്ക്ച്വറിയോടും ചേർന്ന് കിടക്കുന്ന മാട്ടുപെട്ടി ജലാശയം അതീവ പരിസ്ഥിതി മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കത്ത് ചൂണ്ടികാട്ടുന്നു.
ആനമുടി ഷോലയില്‍ നിന്നും മൂന്നര കിലോമിറ്റർ മാത്രമാണ് മാട്ടുപെട്ടിയിലേക്കുള്ള എയർ ഡിസ്റ്റൻസ്. ജലാശയത്തില്‍ പതിവായി കാട്ടാനകള്‍ ഇറങ്ങാറുണ്ട്. സംരക്ഷിത വന മേഖലയിലേയ്ക് ആനകള്‍ പതിവായി സഞ്ചരിയ്ക്കുന്നത് മാട്ടുപെട്ടി ജലാശത്തിലൂടെയാണെന്നും വിവരിയ്ക്കുന്നുണ്ട്.
സീപ്ലെയിൻ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്ബോള്‍ ഉണ്ടാവാൻ സാധ്യത ഉള്ള മനുഷ്യ വന്യമൃഗ സംഘർഷം ഒഴിവാക്കാൻ ഇടപെടല്‍ നടപ്പിലാക്കണമെന്നും കത്ത് സൂചിപ്പിയ്ക്കുന്നു. സീപ്ലെയിൻ ഇറങ്ങുന്നത് കാട്ടാനകളുടെ സൈര്യവിഹാരം തടസപ്പെടുത്തിമെന്നാണ് വനം വകുപ്പിന്റെ വാദം.
പുലർച്ചെയും വൈകുന്നേരങ്ങളിലും പതിവായി ആനകള്‍ ഇവിടെ എത്താറുണ്ട്. സമീപത്തെ ഇൻഡോ സ്വിസ് പ്രോജെക്ടിന്റെ ഭാഗമായ പുല്‍മെടുകള്‍ ആനകളുടെ വിഹാര കേന്ദ്രമാണ്. ടൂറിസം മേഖലയില്‍ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പദ്ധതി, വനം വകുപ്പിന്റെ ഇടപെടല്‍ മൂലം തുടക്കത്തിലേ തടസപ്പെടുമോ എന്ന ആശങ്കയാണ് നിലവില്‍ ഉയരുന്നത്.

