
ഇടുക്കി ജില്ലാ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അടിമാലി , കട്ടപ്പന, തൊടുപുഴ, മറയൂർ, വണ്ടിപ്പെരിയാർ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ ഉപന്യാസ രചന, മലയാളം പ്രസംഗ മത്സരം, അക്ഷര കൈരളി സാംസ്കാരിക കൂട്ടായ്മ, പ്രഭാഷണം, മുതിർന്ന പഠിതാക്കളെ ആദരിക്കൽ എന്നിവയാണ് സംഘടിപ്പിക്കുന്നത്. സമ്പർക്ക പഠന കേന്ദ്രങ്ങളിൽ പഠിതാക്കളും സെൻ്റർ കോർഡിനേറ്റർമാരും ഭരണഭാഷാ പ്രതിജ്ഞ എടുക്കും.
ജില്ലയിലെ പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിലെയും വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലെയും പഠിതാക്കൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. നവംബർ 7 ന് സമാപിക്കും. സാക്ഷരതാമിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഭരണ ഭാഷാ വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവ് പി കെ സാക്ഷരതാമിഷൻ ജീവനക്കാർക്ക് ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം, അസി. കോർഡിനേറ്റർ ജമിനി ജോസഫ്, സാദിര കെ എസ്, വിനു ആൻ്റണി, സീമ എബ്രാഹം എന്നിവർ സംബന്ധിച്ചു.




