HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നവവധുവിൻ്റെ ആത്മഹത്യ; ഭർത്താവും സുഹൃത്തും അറസ്റ്റിൽ, ആത്മഹത്യയ്ക്ക് കാരണം നിരന്തര മാനസിക പീഡനം

നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ

നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മർദ്ദനവും ആണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഗൂഢാലോചനയും ശാരീരിക, മാനസിക പീഡനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ഇന്ദുജയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനാരോപണം ഉയർന്നതോടെ അന്ന് തന്നെ ഭർത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തായ അജാസിന്റെ പങ്കും വ്യക്തമായത്. അജാസുമായി ഇന്ദുജയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതേ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നു. അജാസുമായും അഭിജിത്ത് വഴക്കിട്ടു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നഗരത്തിൽ വെച്ച് അജാസ്, ഇന്ദുജയെ മർദിച്ചു. ഇതിന്റെ പാടുകളാണ് ഇന്ദുജയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് തൊട്ടു മുമ്പ് അജാസ് ഇന്ദുജയെ വിളിച്ചു ദേഷ്യപ്പെട്ടു. പിന്നാലെയാണ് തൂങ്ങി മരണം. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്മഹത്യ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടിക ജാതി പീഡനം, മർദ്ദനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.


മൂന്ന് മാസം മുമ്പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇരുവരുടെയും പ്രണയത്തെ എതിർത്ത വീട്ടുകാരെ മറികടന്നത് ഇന്ദുജയെ അഭിജിത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ കൊണ്ട് പോയി താലികെട്ടുകയായിരുന്നു. ഇതിന് ശേഷം വീട്ടുകാരുമായി ഇന്ദുജയ്ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ഭർതൃ വീട്ടിൽ ഇന്ദുജ നിരന്തരം പീഡനത്തിന് ഇരയായെന്ന ബന്ധുക്കളുടെ ആരോപണവും ഇൻക്വിസ്റ്റിനിടെ ഇന്ദുജയുടെ ദേഹത്ത് കണ്ട പരിക്കുകളുമാണ് കേസിൽ വഴിത്തിരുവുണ്ടാക്കിയത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.